മാസ്കില്ലാതെ ഇറേങ്ങണ്ട; കോവിഡും പിഴയും ഒരുമിച്ചുകിട്ടും
text_fieldsകോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി പൊലീസ്. മാസ്കില്ലാതെ വരുന്നവർക്ക് പിഴയിട്ടും മുൻകരുതൽ നിർദേശങ്ങളും നൽകിയാണ് പൊലീസ് റോഡിലിറങ്ങിയത്. ഒരു ഘട്ടത്തിൽ നൂറിൽതാഴെ എത്തിയ രോഗികളുടെ എണ്ണത്തിൽ രണ്ടുദിവസമായി വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.
തിരുനക്കര, നാഗമ്പടം തുടങ്ങി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. മാസ്കില്ലാത്തവരിൽനിന്ന് 500 രൂപ പിഴ ഇടാക്കി. മാസ്ക് താടിയിൽ വെച്ചുവരുന്നവർക്ക് കൃത്യമായി ധരിക്കാൻ നിർദേശം നൽകി. ആളുകൾ കൂടുന്നിടത്തെത്തി, കൂട്ടം കൂടരുതെന്നും പൊതുസ്ഥലങ്ങളിൽ സമൂഹ അകലം പാലിക്കണമെന്നും നിർദേശം നൽകി. വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും ബസ്സ്റ്റാൻഡുകളിലും അടക്കം മുൻകരുതൽ നിർദേശങ്ങളുമായി പൊലീസ് കയറിയിറങ്ങി.
ഹോട്ടലുകളിൽ ഉപഭോക്താക്കൾ പോകുന്നതിനനുസരിച്ച് മേശകൾ ശുചീകരിക്കണമെന്നും ഡിസ്പോസബിൾ കപ്പുകൾ ഉപയോഗിക്കാനും നിർദേശം നൽകി. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ മിക്ക കടകളിൽനിന്നും സാനിെറ്റെസർ അപ്രത്യക്ഷമായിരുന്നു. നേരേത്ത, ഒരേസമയം കടയിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരം മാനദണ്ഡങ്ങളില്ല. സാനിറ്റൈസർ നിർബന്ധമാക്കാനും ഉപഭോക്താക്കളുടെ പേരും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്താനും ആവശ്യപ്പെട്ടു.
അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. വനിത എസ്.ഐ ബെറ്റിമോൾ, സീനിയർ സി.പി.ഒ ജ്യോതി ചന്ദ്രൻ, സീനിയർ സി.പി.ഒ ലിനി തോമസ്, സി.പി.ഒമാരായ വി.ബി. അമ്പിളി, നീതുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയില്‍ 417 പേര്‍ക്ക് കോവിഡ്
കോട്ടയം: ജില്ലയില്‍ 417 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതുതായി 4281 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 194 പുരുഷന്മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
250 പേര് രോഗമുക്തരായി. 2186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86,733 പേര് കോവിഡ് ബാധിതരായി. 83,697 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,473 പേര് ക്വാറൻറീനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം -66, മാഞ്ഞൂര്‍ -25, കൂരോപ്പട - 23, പാമ്പാടി - 21, അതിരമ്പുഴ -18, എലിക്കുളം, ചങ്ങനാശ്ശേരി -16, ആര്‍പ്പൂക്കര -14, ചിറക്കടവ് -13, മണിമല -12, പാലാ, മാടപ്പള്ളി, തിരുവാര്‍പ്പ് -9, പാറത്തോട്, കാണക്കാരി, ഏറ്റുമാനൂര്‍ -8, പായിപ്പാട് -7, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്, എരുമേലി, മുത്തോലി, മണര്‍കാട് -6, നീണ്ടൂര്‍, ഉദയനാപുരം, പൂഞ്ഞാര്‍, മീനടം -5, വൈക്കം, ചെമ്പ്, കുറിച്ചി, ഭരണങ്ങാനം, ഉഴവൂര്‍, വാഴപ്പള്ളി, വെള്ളൂര്‍, കുമരകം -4, ഞീഴൂര്‍, അയ്മനം, കല്ലറ, കടുത്തുരുത്തി, തലയാഴം, തൃക്കൊടിത്താനം, രാമപുരം, കടനാട് -3, ടി.വി പുരം, വാഴൂര്‍, മീനച്ചില്‍, മേലുകാവ്, അയര്‍ക്കുന്നം, പുതുപ്പള്ളി, തിടനാട് -2, കിടങ്ങൂര്‍, മൂന്നിലവ്, വാകത്താനം, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, പനച്ചിക്കാട്, പള്ളിക്കത്തോട്, വിജയപുരം, വെളിയന്നൂര്‍, കരൂര്‍, തീക്കോയി, കടപ്ലാമറ്റം, കുറവിലങ്ങാട് -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.