ഹരിത കർമസേന കൈമാറിയത് 160 ടൺ പാഴ്വസ്തുക്കൾ
text_fieldsകോട്ടയം: ജില്ലയിൽ സജീവമായി ഹരിത കർമസേന. മാസങ്ങൾക്കിടെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽനിന്നായി ഹരിത കർമസേന ശേഖരിച്ചത്. ഇത് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയാണ്.
ഇതുവരെ 160 ടൺ പാഴ്വസ്തുക്കളാണ് കമ്പനിക്ക് കൈമാറിയത്. ഹരിത കർമസേനയുടെ പ്രവർത്തനത്തിൽ ജില്ലയിൽ പനച്ചിക്കാട്, മാടപ്പള്ളി പഞ്ചായത്തുകളാണ് മുന്നിൽ.
പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിനായി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുള്ള യൂസർഫീ ഇനത്തിലും ഇവർ വൻ നേട്ടമാണ് സ്വന്തമാക്കിയത്. മാലിന്യം ശേഖരിച്ച ഇനത്തിൽ ഡിസംബറിൽ മാടപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു വരുമാനം. അയ്മനം, പുതുപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, വാകത്താനം ഗ്രാമപഞ്ചായത്തുകൾക്കും ഡിസംബറിലെ കലക്ഷൻ രണ്ട് ലക്ഷത്തിന് മുകളിൽ ലഭിച്ചു.
വീടുകളിൽനിന്ന് പ്രതിമാസം 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് യൂസർഫീ ഈടാക്കുന്നത്. ആദ്യഘട്ടത്തിൽ ഹരിതകര്‍മസേനയോട് ജില്ലയിലെ ഭൂരിഭാഗം കുടുംബങ്ങളും നിസ്സഹകരിച്ചെങ്കിലും ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. പഞ്ചായത്ത്, ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, കുടുംബശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ മാലിന്യസംസ്ക്കരണ ബോധവത്കരണ കാമ്പയിനുകൾ ഗുണം ചെയ്തു. ഇപ്പോൾ പലരും സേനാംഗങ്ങളെ വീടുകളിലേക്ക് വിളിച്ച് സൂക്ഷിച്ചുവെച്ചിരിക്കുന്ന മാലിന്യം കൈമാറുന്ന സ്ഥിതിയുണ്ട്. അടുത്തഘട്ടമായി മുഴുവൻ കുടുംബങ്ങളെയും ഇതിന്റെ ഭാഗമാക്കാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജില്ലയിൽ പാഴ്വസ്തു ശേഖരണം ഡിജിറ്റലൈസ് ചെയ്യാനുള്ള 'ഹരിത മിത്രം കർമ പദ്ധതി' 27 ഗ്രാമ പഞ്ചായത്തിലും രണ്ട് നഗരസഭയിലും നടപ്പാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതിനിടെ ഹരിതകർമസേനകളുടെ പ്രവർത്തനം വിലയിരുത്താൻ ലക്ഷ്യമിട്ട് ശുചിത്വ പരിശോധനയും നടത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിർദേശാനുസരണം 71 ഗ്രാമപഞ്ചായത്തിലും ആറു നഗരസഭയിലും ശുചിത്വ പരിശോധന പൂര്‍ത്തിയായി. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, ജലസ്രോതസ്സുകളില്‍ ഒഴുക്കി വിടല്‍, പ്രകൃതി സൗഹൃദ വസ്തുക്കളുടെ വിപണനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ശുചിത്വ പരിശോധന. ഹരിതകേരളം മിഷന്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന പൂര്‍ത്തിയാക്കിയത്. ഇതനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.