കോട്ടയം നഗരസഭയിൽ പാഴായത് 88 ലക്ഷത്തിന്റെ നിർമാണപ്രവൃത്തികൾ
text_fieldsകോട്ടയം: വികസന പ്രവർത്തനങ്ങൾക്ക് പണമില്ലാത്ത അവസ്ഥയാണ് നഗരസഭയിൽ. കാര്യമായ പ്രവൃത്തികളൊന്നും നടക്കുന്നുമില്ല. എന്നാൽ, ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയവയുടെ അവസ്ഥയെന്താണെന്ന് 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പറയും. 88 ലക്ഷം രൂപ ചെലവിട്ട നാലു പദ്ധതികളാണ് ആർക്കും പ്രയോജനമില്ലാതെ ഉപേക്ഷിച്ചിരിക്കുന്നത്.
എ.ബി.സി പദ്ധതിക്കായി നിർമിച്ച കെട്ടിടം
29.97ലക്ഷം രൂപ ചെലവഴിച്ചാണ് കോടിമതയിൽ എ.ബി.സി പദ്ധതിക്കായി കെട്ടിടം നിർമിച്ചത്. ചതുപ്പുനിലത്തിൽ തെങ്ങിൻകുറ്റി ഉപയോഗിച്ച് പൈലിങ് നടത്തിയാണ് കെട്ടിടം നിർമിച്ചത്.
ഇത് കെട്ടിടനിർമാണ ചട്ടംലംഘനമാണെന്നു മാത്രമല്ല പൊതുപണത്തിൽനിന്ന് 14.89 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുമുണ്ട്. കെട്ടിടത്തിന് അലൂമിനിയം ഷീറ്റിടുന്നതിന് 2.16 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ജി.ഐ ഷീറ്റാണ് ഇട്ടത്. അലൂമിനിയം ഷീറ്റിന്റെ വിലയും രേഖപ്പെടുത്തി. കെട്ടിടനിർമാണം നടത്തി പദ്ധതിയെ അവഗണിച്ചതിനു നഗരസഭ വിശദീകരണം നൽകണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
കോടിമതയിലെ ഉണക്കമീൻ മാർക്കറ്റ്
28.21 ലക്ഷം രൂപ ചെലവഴിച്ചു കോടിമതയിൽ നിർമിച്ച ഉണക്കമീൻ മാർക്കറ്റ് കെട്ടിടം കാടുകയറിക്കിടക്കുകയാണ്. 20 ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി. 2019ൽ നിർമാണം പൂർത്തീകരിച്ചു.
ഇതിന് എതിർവശത്തുള്ള റോഡരികിലാണ് വ്യാപാരികൾ ഉണക്കമീൻ കച്ചവടം നടത്തുന്നത്. അലൂമിനിയം ട്രഫോർഡ് ഷീറ്റിന്റെ വില നൽകിയിട്ടുണ്ടെങ്കിലും ഇട്ടിരിക്കുന്നത് ജി.ഐ ഷീറ്റാണ്. ഉയർന്ന നിലവാരമുള്ള റെക്ടിഫൈഡ് ഗ്ലേസേഴ്സ് സെറാമിക് ടൈൽസിന് പണം വാങ്ങിയിട്ടുണ്ടെങ്കിലും സാധാരണ നിലവാരത്തിലുള്ള സെറാമിക് ഗ്ലേസേഴ്സ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.
കുടിവെള്ള പ്ലാന്റ്
16.96 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച റിവേഴ്സ് ഓസ്മോസിസ് കുടിവെള്ള പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല. നഗരസഭയിലെ വേളൂർ ആയുർവേദ ആശുപത്രി, തിരുവാതുക്കൽ അബ്ദുൽകലാം ഓഡിറ്റോറിയം, കുമാരനല്ലൂർ സോണൽ ഓഫിസ്, പാലമൂട്, മലരിക്കൽ, പതിനായിരത്തിൽ ചിറ എന്നിവിടങ്ങളിലാണ് പ്ലാന്റ് ഉദ്ദേശിച്ചത്. പതിനായിരത്തിൽ ചിറയിലൊഴികെ സ്ഥാപിച്ചു. മണിക്കൂറിൽ ഏകദേശം 2000 മുതൽ 3000 ലിറ്റർവെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റായിരുന്നു വിഭാവനം ചെയ്തിരുന്നത്. ശുദ്ധീകരിച്ച വെള്ളം ശേഖരിക്കുന്ന ടാങ്ക്, മോട്ടോർ പമ്പ് എന്നിവ അടങ്ങിയതാണ് ഒരു യൂനിറ്റ്. എന്നാൽ, ഇവയിലൊന്നും വൈദ്യുതി കണക്ഷനില്ലാത്തതിനാൽ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. പ്രവർത്തിപ്പിച്ചുനോക്കാതെ ഉപകരണങ്ങൾ മാത്രം സ്ഥാപിച്ചതിന് കരാറുകാർക്ക് തുക നൽകിയത് ഗുരുതര വീഴ്ചയാണ്. ഈ അപാകതകളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താനും ഓഡിറ്റ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
പാർക്കിലെ കളിയുപകരണങ്ങൾ
നെഹ്റു പാർക്കിൽ 12 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ നശിച്ചു. നാഗമ്പടത്ത് വെള്ളം കെട്ടിക്കിടന്നാണ് ഉപകരണങ്ങൾ നശിച്ചത്. ഇക്കാര്യം പദ്ധതി തയാറാക്കുമ്പോൾ എൻജിനീയറിങ് വിഭാഗം പരിഗണിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. വെള്ളക്കെട്ടിന് പരിഹാരം കാണാത്തപക്ഷം ഇനിയും പൊതുപണം പാഴാകും.
നഗരസഭക്ക് വരുമാനനഷ്ടം
മൊബൈൽ ടവറുകളുടെ വസ്തുനികുതി കുടിശ്ശിക ഇനത്തിൽ 25,40,800 രൂപ ഈടാക്കിയില്ല. നാട്ടകം, കുമാരനെല്ലൂർ, തിരുവാതുക്കൽ എന്നീ മേഖല കാര്യാലയങ്ങൾ ഉൾപ്പെടെ നഗരസഭ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള 32 മൊബൈൽ ടവറുകളുടെ വസ്തുനികുതി വർഷങ്ങളായി ഈടാക്കാത്തതിനാൽ ഗണ്യമായ വരുമാനനഷ്ടം സംഭവിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങളിലെ വാടകക്കാരിൽനിന്ന് വാടക പൂർണമായി ഈടാക്കിയില്ല. 2018-19 സാമ്പത്തിക വർഷത്തിൽ വാടക ഇനത്തിൽ 16,72,914 രൂപ പിരിച്ചെടുക്കാനുണ്ടായിരുന്നു. വാടകക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് അന്വേഷണത്തിന് നൽകിയ മറുപടി. ചെക്കുകൾ മടങ്ങുന്നതുമൂലം തനത് ഫണ്ടിന് നഷ്ടം. ചെക്കുകൾ ക്രെഡിറ്റാകാതെ മടങ്ങുന്നതിനാൽ ജി.എസ്.ടി ഉൾപ്പെടെ ചെക്ക് റിട്ടേൺ ചാർജ് തനത് ഫണ്ടിൽനിന്ന് നൽകണം. ഇക്വിറ്റി ഷെയറുകളായി 50 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ കാലാവധി പൂർത്തിയാകുന്ന തീയതിയോ ഇതിന്റെ മൂല്യം സംബന്ധിച്ചോ ഒരു രേഖകൾ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.