കോട്ടയത്തെ വികസനം സി.പി.എം, കോൺഗ്രസ് ‘ആകാശപ്പോര്’
text_fieldsകോട്ടയം: കോട്ടയത്തിന്റെ വികസനത്തെച്ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രാഷ്ട്രീയപ്പോര്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നഗരമധ്യത്തിലെ ആകാശപ്പാതയാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു.
ആകാശപ്പാതക്ക് സർക്കാർ മനഃപൂർവം തുരങ്കംവെക്കുകയാണെന്ന് എം.എൽ.എ ആരോപിക്കുമ്പോൾ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാതെ പദ്ധതിക്ക് തുടക്കമിട്ട എം.എൽ.എയാണ് കുറ്റക്കാരനെന്ന് എൽ.ഡി.എഫ് നേതാക്കൾ തിരിച്ചടിച്ചു. ആകാശപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ മന്ത്രിമാരായ ആന്റണി രാജുവിന്റെയും വി.എൻ. വാസവന്റെയും നേതൃത്വത്തിൽ ഒട്ടേറെ തവണ ചർച്ച നടത്തുകയും നിരവധി തവണ നിയമസഭയിലും പ്രശ്നം ഉന്നയിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
കോട്ടയത്ത് നിർമാണം തുടങ്ങിയ ശേഷമാണ് തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും ആകാശപ്പാത നിർമാണം പൂർത്തിയാക്കിയത്. കോട്ടയത്തിനോട് എന്തിനാണീ വിവേചനമെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
എന്നാൽ, എം.എൽ.എയാണ് കോട്ടയത്തിന്റെ അപമാനമെന്നും സി.പി.എം നേതാക്കൾ ഇതിന് മറുപടിയായി തിരിച്ചടിച്ചു. മറ്റിടങ്ങളിൽ ആകാശപ്പാത നിർമിച്ചത് ബുദ്ധിയുള്ളവരായിരുന്നെന്നും സ്ഥലമേറ്റെടുപ്പിന് ശേഷമാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്നുമായിരുന്നു സി.പി.എം നേതാക്കളുടെ മറുപടി. 800 കോടിയോളം രൂപയുടെ വികസനമാണ് കോട്ടയത്ത് സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നതെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ പ്രസ്താവനയോടെയാണ് രാഷ്ട്രീയപ്പോര് ആരംഭിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് നിർമാണം ആരംഭിച്ച പല പ്രവൃത്തികളും മുടങ്ങിയിട്ട് എട്ട് വർഷമായി. കഞ്ഞിക്കുഴി മേൽപാലം, ആകാശപ്പാത, സ്പോർട്സ് കോളജ് തുടങ്ങി ഒട്ടേറെ നിർമാണങ്ങളാണ് സർക്കാർ മാറിയതോടെ നിശ്ചലമായതെന്നും എം.എൽ.എ ആരോപിച്ചിരുന്നു.
വികസനരംഗത്തെ പരാജയം മറച്ചുവെക്കാനാണ് എം.എൽ.എ സർക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് മറുപടിയുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ രംഗത്തെത്തി. മീനന്തറ മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി വൻ തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആരോപണം ഉന്നയിച്ച് യു.ഡി.എഫ് കണ്‍വീനര്‍ ഫില്‍സൺ മാത്യൂസും നേതാക്കളും വാർത്തസമ്മേളനത്തിൽ എത്തിയിരുന്നു.
ഇതോടെ ഇരുപാർട്ടിയും തമ്മിലുള്ള പോര് ശക്തമാവുകയാണ്. വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ പരാതി എവിടെയെന്നും ആരോപണം ഉന്നയിച്ചതിന് ശേഷം പരാതി കൊടുക്കുന്നത് സാധൂകരിക്കാൻ വേണ്ടി മാത്രമാണെന്നും ഈ ആരോപണത്തിൽ നിയമസാധുത നിലനിൽക്കില്ലെന്നും അഡ്വ. കെ. അനിൽകുമാർ പറഞ്ഞു.
ഫില്‍സണ്‍ മാത്യൂസിന്റെ ആരോപണം സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.