ചെലവിട്ടത് ലക്ഷങ്ങൾ; പനച്ചിക്കാട്ടെ ജനസേവാ കേന്ദ്രം അടഞ്ഞുതന്നെ
text_fieldsകോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ജനസേവ കേന്ദ്രം ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായിട്ടും തുറന്നുകൊടുക്കാനായില്ല.
പൊതുജനങ്ങൾക്ക് പ്രയോജനകരമാകേണ്ട ജനസേവ കേന്ദ്രമാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒന്നരവർഷം മാത്രം അവശേഷിക്കേ പഞ്ചായത്തിന്റെ മറ്റൊരു പദ്ധതികൂടി നോക്കുകുത്തിയായി മാറിയ സ്ഥിതിയാണ്.
യു.ഡി.എഫ് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതിയാണ് ജനസേവ കേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടത്. ഇതിന് അനുബന്ധമായി കാത്തിരിപ്പുമുറിയടക്കം ശീതീകരിക്കുകയും ചെയ്തു. പഞ്ചായത്ത് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുക, ഫോട്ടോസ്റ്റാറ്റ് സംവിധാനം, ടീസ്റ്റാൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്.
എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടം നിർമിച്ചതല്ലാതെ കേന്ദ്രം തുറന്നുകൊടുത്തിട്ടില്ല. വിവിധഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയാണ് ഇതിനുവേണ്ടി ചെലവിട്ടത്. അക്ഷയകേന്ദ്രങ്ങളിൽ മറ്റുസേവനങ്ങൾക്കൊപ്പം പഞ്ചായത്ത് സേവനങ്ങൾ കൂടി ചെയ്യുമ്പോൾ കാലതാമസമാണ് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ ജനസേവ കേന്ദ്രം ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാൽ, ഇത് തുറക്കാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുക്കുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
ന്യായമായ നിരക്കിൽ അപേക്ഷകൾ ഓൺലൈനായി കൊടുക്കാൻ സാധിക്കുന്ന സംവിധാനം മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പനച്ചിക്കാട്ടും കേന്ദ്രം ആരംഭിക്കാൻ പദ്ധതിയിട്ടതെങ്കിലും ഫലവത്തായില്ല. ജനസേവ കേന്ദ്രം തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇതിൽ റീത്തുവെച്ച് പ്രതിഷേധിച്ചിരുന്നു. എം.എൽ.എക്ക് സമയമില്ലാത്തതിനാൽ ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുന്നു എന്നും ആക്ഷേപമുണ്ട്.
കെൽട്രോണാണ് ആവശ്യമായ ഉപകരണങ്ങൾ മുഖേനയാണ് എത്തിക്കുന്നത്. ഉപകരണങ്ങൾക്ക് ഓർഡർ നൽകിയിട്ട് വർഷങ്ങളായി. അത് എത്താനുള്ള കാലതാമസം പ്രധാന പ്രശ്നമാണ്. ഇതിനൊപ്പം ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനം എടുക്കേണ്ട പഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ സ്ഥലം മാറ്റുകയുമാണ്. യു.ഡി.എഫ് ഭരണസമിതിയെ ഞെരുക്കുന്ന സമീപനമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യത്തിലാണ് ജനസേവ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.