പ്രളയം തടയാൻ നദികളിൽ അടിഞ്ഞുകൂടിയ മണലും കല്ലും നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി
text_fieldsകോട്ടയം: കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയാൻ നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും കല്ലും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈകോടതിയിൽ റിട്ട് ഹർജി നൽകി. കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ ഹൈകോടതിയെ സമീപിച്ചത്.
നിരന്തരമായി ഉണ്ടാകുന്ന പ്രളയങ്ങൾ മൂലം പല സ്ഥലങ്ങളിലും കല്ലും മണലും അടിഞ്ഞ് പുഴകൾ ഇല്ലാതായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കം പോലും വൻ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തും. പലസ്ഥലങ്ങളിലും പുഴ ദിശ മാറി ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് മണൽ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് പദ്ധതി തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള പണം എവിടെനിന്ന് കണ്ടെത്തും എന്ന് പറയുന്നില്ല. മഴക്കാലം വരുവാൻ വെറും മൂന്നുമാസം മാത്രം ശേഷിക്കേ ഇപ്പോഴും തുടരുന്ന സർക്കാറിന്റെ ഉദാസീന നടപടിയിൽ പ്രതിഷേധിച്ചാണ് ഹൈകോടതിയെ സമീപിച്ചതെന്നും ഷോൺ പറഞ്ഞു.
ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. 2018ലെ പ്രളയത്തിന് ശേഷം നാലുവർഷം കഴിഞ്ഞിട്ടും അതിന് മുഖ്യ കാരണമായ ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നതിന് തെളിവാണിതെന്നും വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയാത്ത സർക്കാറിനെതിരെ സാധാരണക്കാരന്റെ ഏക ആശ്രയം കോടതികൾ മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.