Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 12:13 AM GMT Updated On
date_range 22 Feb 2022 12:13 AM GMTമലയോര ഹൈവേ; അലൈൻമെന്റ് മാറ്റാൻ നീക്കമെന്ന്, നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsbookmark_border
പേരാമ്പ്ര: മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ ചെമ്പനോടയിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ബുധനാഴ്ച രാവിലെ 10ന് പേരാമ്പ്ര പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നിൽ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, അന്നേ ദിവസം ചെമ്പനോടയിൽ പ്രാദേശിക ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചെമ്പനോട, പൂഴിത്തോട്, മുതുകാട് പ്രദേശങ്ങളുടെ വികസനത്തിന് വളരെ ഗുണകരമായി തീരുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേയുടെ റൂട്ട് മുള്ളൻകുന്ന്-ചെമ്പനോട-പെരുവണ്ണാമൂഴി എന്നുള്ളത് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. മലയോര ജനതയുടെ ചിരകാലാഭിലാഷമായിരുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡും ഇതേ രീതിയിൽ അട്ടിമറിക്കപ്പെട്ടുപോയതാണ്. കാർഷിക മേഖലകളായ ചെമ്പനോട, പൂഴിത്തോട്, പന്നിക്കോട്ടൂർ, മുതുകാട് എന്നിവിടങ്ങളിലെ ജനങ്ങൾ കാർഷിക വിളകളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും മൂലം പൊറുതിമുട്ടി അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. പരിസ്ഥിതിലോല പ്രദേശങ്ങൾ എന്ന ഭീഷണിയും ഈ പ്രദേശങ്ങളുടെ വികസനത്തിന് തടസ്സമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സ്ഥിതിവിശേഷങ്ങൾ ആകെ മാറ്റിമറിക്കാൻ പോന്നതായിരുന്നു ചെമ്പനോട വില്ലേജിൽകൂടി കടന്നുപോകുന്ന ഏഴു കിലോമീറ്റർ ദൂരം വരുന്ന മലയോര ഹൈവേ. വയനാട് ബദൽ റോഡിനായി ഇതേ റൂട്ടിൽ 12 മീറ്ററിലധികം വീതിയിൽ നിലവിൽ വനംവകുപ്പ് വിട്ടുകൊടുത്തിട്ടുള്ളത് അറിയാമായിരുന്നിട്ടും മലയോര ഹൈവേക്ക് വനത്തിൽകൂടി അനുമതി നൽകില്ല എന്ന കുപ്രചാരണം മറയാക്കിയാണ് ചെമ്പനോട വഴിയുള്ള നിർദിഷ്ട റൂട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. ഈ റൂട്ട് അട്ടിമറിക്കപ്പെട്ടാൽ സുപ്രീംകോടതിയിൽ വരെ പോയി നീതി നേടിയെടുക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. വാർത്തസമ്മേളനത്തിൽ ചെയർമാൻ സി.കെ. ശശി, കൺവീനർ കെ.എ. ജോസുകുട്ടി, ആവള ഹമീദ്, രാജീവ് തോമസ്, ലൈസ ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story