Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:08 AM GMT Updated On
date_range 10 May 2022 12:08 AM GMTഓമശ്ശേരിയിൽ വ്യാപക റെയ്ഡ്; രണ്ടു ഹോട്ടലുകൾ അടപ്പിച്ചു
text_fieldsbookmark_border
ഓമശ്ശേരി: ഭക്ഷ്യവിഷബാധ തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കുടുംബാരോഗ്യകേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിൽ ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ടു ഹോട്ടലുകൾ അടപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവർത്തിച്ച ഓമശ്ശേരി ടൗണിലെ ഹോട്ടലുകളാണ് അടപ്പിച്ചത്. പഴകിയ പൊറോട്ടയും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പാകംചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും ഇറച്ചി ഫ്രൈയും പഴകിയ മാംസവും പരിശോധനയിൽ കണ്ടെത്തി. ദുർഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനമില്ലാതെ മലിനജലം വഴിയിലേക്കു ഒഴുക്കിവിടുന്നതായി കണ്ടെത്തി. അടുക്കളയും പരിസരവും വൃത്തിഹീനമാണെന്നു കണ്ട സ്ഥാപനങ്ങളിൽനിന്നു 17,000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച മിന്നൽ പരിശോധന നടന്നത്. നിരവധി സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതം നടപടി കൈക്കൊള്ളും. മത്സ്യക്കടകൾ, ഇറച്ചിക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ, ബാങ്കുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം പരിശോധന നടത്തുകയുണ്ടായി. വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷണ-പാനീയ സുരക്ഷാകാര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ടി. സജീർ, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ അരുൺ ഹരിദാസ്, സൂര്യ എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പകർച്ചവ്യാധികൾക്ക് കാരണമാംവിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓമശ്ശേരി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയും മെഡിക്കൽ ഓഫിസറുമായ ഡോ. ബി. സായ്നാഥ് മുന്നറിയിപ്പ് നൽകി. ചിത്രം ഓമശ്ശേരി ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story