23 വിദ്യാലയങ്ങൾ തൊഴിൽനൈപുണി കേന്ദ്രങ്ങളാകും; 4.95 കോടി അനുവദിച്ചു
text_fieldsകോഴിക്കോട്: പഠനത്തോടൊപ്പമോ പഠനം പൂർത്തിയാക്കിയതിന് ശേഷമോ തൊഴിൽ പഠിക്കാൻ സമഗ്രശിക്ഷാകേരളം തൊഴിൽ നൈപുണി കേന്ദ്രങ്ങളാരംഭിക്കുന്നു. ജില്ലയിലെ 23 സ്കൂളുകളെ നൈപുണികേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.
സ്കൂൾ സമയത്തെ ബാധിക്കാത്തവിധം ഒഴിവുദിവസങ്ങളിൽ ഔട്ട്ഓഫ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽനൈപുണികൾ പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അംഗീകാരമുള്ള ഓരോ പ്രദേശത്തേയും തൊഴിൽസാധ്യതക്കനുസൃതമായ രണ്ടു കോഴ്സുകളാണ് ഓരോ സ്കൂളിലും ആരംഭിക്കുക.
ഔപചാരിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽവൈദഗ്ധ്യം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള അവസരമൊരുക്കി ഉന്നതനിലവാരമുള്ള തൊഴിൽസാധ്യതക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദിവാസി-തീരദേശ-തോട്ടം മേഖലകളിലെ കുട്ടികൾ, അതിഥിതൊഴിലാളികളുടെ കുട്ടികൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപൺ സ്കൂളിൽ പഠിക്കുന്നവർ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പഠിക്കുന്നവർ തുടങ്ങി 21 വയസ്സിന് താഴെയുള്ള ഔട്ട്ഓഫ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നൈപുണിവികസന കേന്ദ്രങ്ങളിൽ പരിശീലനം ഉറപ്പാക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പ്രായപരിധി 25 ആയിരിക്കും. ജോബ് റോളുകൾക്ക് നാഷനൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ നിഷ്കർഷിച്ച യോഗ്യത ബാധകമായിരിക്കും. കോഴ്സുകൾ പൂർത്തീകരിക്കുന്നതോടെ ഓരോ ജോബ് റോളിന്റെയും ബന്ധപ്പെട്ട സെക്ടർ സ്കിൽ കൗൺസിലുകൾ സ്കിൽ അസസ്മെന്റ് നടത്തുകയും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് നിർദേശിക്കപ്പെട്ട സ്കൂളുകളിൽനിന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലതല സമിതിയാണ് 23 സ്കൂളുകളുടെ അന്തിമപട്ടിക തയാറാക്കിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിൽ വി.എച്ച്.എസ്.സി ഇല്ലാത്ത 11 ഹയർ സെക്കൻഡറിയെക്കൂടി ഉൾപ്പെടുത്തിയാണ് 23 സ്കൂളുകൾ തിരഞ്ഞെടുത്തത്.
ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിനും പരിശീലകർക്കുള്ള പ്രതിഫലത്തിനുമായി ഓരോ വിദ്യാലയത്തിനും 21.5 ലക്ഷം രൂപ വീതം 23 സ്കൂളുകൾക്കായി 4 .95 കോടി രൂപ അനുവദിച്ചതായി സമഗ്രശിക്ഷ ജില്ല കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.