ഇന്ത്യയെ കോണ്‍ഗ്രസ് വീണ്ടെടുക്കും -കെ.സി. വേണുഗോപാല്‍
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനിടയില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തുന്ന ആര്‍.എസ്.എസിനും സ്വാതന്ത്ര്യപോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനത്തിന്റെ ഭാഗമായ നരേന്ദ്ര മോദിക്കും 'ഹര്‍ ഘര്‍ തിരംഗ' ഫോട്ടോഷൂട്ടും നാടകവുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രണ്ടാം സ്വാതന്ത്ര്യപോരാട്ടത്തിലൂടെ ഇന്ത്യയെ വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ നയിച്ച 'സ്വാതന്ത്ര്യ അഭിമാനയാത്ര'യുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ത്രിവര്‍ണ പതാക ആത്മാവാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായ സവര്‍ക്കറുടെ പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. യഥാർഥ ഹിന്ദുക്കള്‍ ത്രിവര്‍ണ പതാകയെ അംഗീകരിക്കില്ലെന്ന് 'ഓര്‍ഗനൈസറി'ല്‍ മുഖപ്രസംഗം എഴുതിയ ആര്‍.എസ്.എസുകാർ ത്രിവര്‍ണ പതാകയുടെ മഹത്ത്വം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ എട്ടുവര്‍ഷത്തെ മോദിഭരണത്തില്‍ ആര്‍ക്കാണ് സ്വാതന്ത്ര്യമുള്ളതെന്ന് വേണുഗോപാല്‍ ചോദിച്ചു. സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലില്‍ അടക്കുകയാണ്.
ഇ.ഡിയുടെ കേസ് നേരിടുന്ന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസെല്ലാം ഇല്ലാതാവുകയാണ്. കറ കഴുകി വെളുപ്പിച്ചു കൊടുക്കുന്ന വാഷിങ് മെഷീന്‍ പോലെയാണ് ബി.ജെ.പിയെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ഇന്ത്യയെ മാറ്റിമറിക്കുന്ന യാത്ര കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് സെപ്റ്റംബര്‍ ഏഴിന് പടയൊരുങ്ങുകയാണ്. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായിരുന്നു.
എം.കെ. രാഘവന്‍ എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, പി.എം. നിയാസ്, കെ. ജയന്ത്, കെ.സി. അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, വിദ്യ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സരോവരത്തുനിന്ന് തുടങ്ങിയ വമ്പൻ പ്രകടനമാണ് ബീച്ച് മറൈൻ ഗ്രൗണ്ടിൽ അവസാനിച്ചത്.
സ്വാതന്ത്ര്യ അഭിമാന യാത്ര തിങ്കളാഴ്ച മൂന്നു മണിക്ക് വടകര കൈനാട്ടിയിൽനിന്നാരംഭിച്ച് കോട്ടപ്പള്ളി മൈതാനിയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.