കോർപറേഷൻ തൊഴിൽ ദാന പദ്ധതി; 1987 പേർക്ക് തൊഴിലായി
text_fieldsകോഴിക്കോട്: കോർപറേഷൻ ആവിഷ്കരിച്ച തൊഴിൽദാന പദ്ധതി 'വി ലിഫ്റ്റ്' വഴി തൊഴിൽ സംരംഭങ്ങളിലും വിവിധ തൊഴിൽ മേഖലയിലുമെത്തിയത് 1987 പേരെന്ന് കണക്ക്.
കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവ മുഖേനയാണ് കൂടുതൽ അവസരമൊരുക്കിയത്.
പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് ഐ.ഐ.എം ആണ്. ഇവരുമായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇതുവരെ പദ്ധതിയുടെ ഭാഗമായി 520 സംരംഭങ്ങൾ തുടങ്ങിയതായാണ് കണക്ക്. പല മേഖലകളിലായി 300 പേർക്ക് നേരത്തേ തൊഴിലായിരുന്നു.
ദേശീയ നഗര ഉപജീവന ദൗത്യം മുഖേനയുള്ള വെയർഹൗസ്, അക്കൗണ്ടിങ്, പഞ്ച കർമ ടെക്നീഷ്യൻ എന്നിവയിലേക്ക് പരിശീലനത്തിനായി 94 ആളുകളെ തിരഞ്ഞെടുത്തു. 2022 -23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പ്ലാൻ പദ്ധതിയിൽ 3.1 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ളം, ഐ.ടി, വിപണന മേഖല എന്നിവയിൽ നഗരത്തിൽ കൂടുതൽ സാധ്യത കാണുന്നതായാണ് ഐ.ഐ.എം പഠനത്തിൽ കണ്ടെത്തിയത്.
പദ്ധതിവഴി മുഴുവൻപേർക്കും വേതനമുള്ള ജോലിയോ സ്വയംതൊഴിലോ കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത നാല് കൊല്ലത്തിനിടെ ചുരുങ്ങിയത് 5000 പേർക്ക് തൊഴിൽ കണ്ടെത്തുമെന്നാണ് പ്രഖ്യാപനം. ഇതുവഴി നഗര ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമിടുന്നത്.
മുഴുവൻ വാർഡുകളിലുമായി കോർപറേഷൻ കുടുംബശ്രീ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകർ, ഹരിത കർമ സേന പ്രവർത്തകർ തുടങ്ങി വിവിധ ജോലികൾക്ക് പരിശീലനവും നൽകുന്നുണ്ട്. വ്യവസായ വകുപ്പ് നിയോഗിച്ച നാല് ഇന്റേർണുകളുടെ പിന്തുണയും ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.