സി.പി.എം ജില്ല സെക്രട്ടറിയായി പി. മോഹനൻ തുടരാൻ സാധ്യത
text_fieldsകോഴിക്കോട്: സി.പി.എം ജില്ല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സെക്രട്ടറി പദവിയിൽ മൂന്നാംവട്ടവും പി. മോഹനൻ തുടരാൻ സാധ്യത. മുൻ എം.എൽ.എയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ. പ്രദീപ്കുമാറിന്റെയടക്കം പേരുകൾ പരിഗണനയിലുണ്ടെങ്കിലും മുൻതൂക്കം പി. മോഹനന് തന്നെയാണ്. ഏരിയ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ല സമ്മേളന പ്രതിനിധികളിലടക്കം നിലവിലെ ജില്ല നേതൃത്വത്തിന് പൂർണ മേധാവിത്വമുണ്ട്.
ആദ്യം നടന്ന സൗത്ത് ഏരിയ സമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണക്കുന്നവരടക്കം പരസ്യമായി രംഗത്തുവന്ന് 'അട്ടിമറി' സൃഷ്ടിച്ചതോടെ മറ്റു സമ്മേളനങ്ങളിലെല്ലാം വലിയ ജാഗ്രതയോടെയുള്ള ഇടപെടലാണ് എളമരം കരീം എം.പിയും പി. മോഹനനും നേതൃത്വം നൽകുന്ന പക്ഷം കൈക്കൊണ്ടത്. കോഴിക്കോട് നോർത്ത്, കുന്ദമംഗലം ഏരിയ സമ്മേളനങ്ങളിൽ ജില്ല നേതൃത്വത്തിന്റെ താൽപര്യം നടപ്പാക്കുകയും ചെയ്തു. ഇതോടെ മറുപക്ഷം ഏതാണ്ട് കളം ഒഴിഞ്ഞമട്ടാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായാൽ മാത്രമേ ജില്ല സെക്രട്ടറിക്ക് ഇളക്കം സംഭവിക്കൂ എന്നാണ് പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ.
സംസ്ഥാന സെന്ററിലേക്ക് പ്രവർത്തനം മാറ്റാനോ പ്രധാന കോർപറേഷൻ, ബോർഡുകളിലൊന്ന് നൽകാനോ തീരുമാനിച്ചാൽ മാത്രമേ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിനും അപൂർവ സാധ്യത മാത്രമാണുള്ളത്.
സെക്രട്ടറി പദവിയിൽ മൂന്നാമതൊരവസരം കൂടിയുണ്ട് എന്നതും മറ്റു ആക്ഷേപങ്ങളില്ലാത്തതും നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മികച്ച വിജയം നേടാനായതും മോഹനന് അനുകൂലമാണ്. മറിച്ച് സംഭവിച്ചാൽ എ. പ്രദീപ്കുമാറിനായിരിക്കും നറുക്ക് വീഴുക.
നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയെ തരംതാഴ്ത്തിയതോടെയുള്ള ഒഴിവിലേക്ക് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറി പി. നിഖിൽ എന്നിവരിലൊരാൾ എത്തുമെന്നാണ് സൂചന.
ഒരു വനിതയെ ജില്ല സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുള്ളതിനാൽ അംഗസംഖ്യ കൂട്ടി മുൻ എം.എൽ.എ കെ.കെ. ലതികയും സെക്രട്ടേറിയറ്റിലെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.