ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ അതിരാവിലെ ഷിഫ്റ്റിന് മാറ്റമില്ല
text_fieldsകോഴിക്കോട്: മറ്റു സ്കൂളുകളെല്ലാം ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കിയിട്ടും ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ദുരിതം തുടരുകയാണ്. ആവശ്യത്തിന് കെട്ടിടമില്ലാത്തതിനാൽ നാലു വർഷം മുമ്പുള്ള അതേ ഷിഫ്റ്റ് സമ്പ്രദായമാണ് കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടും ഈ വിദ്യാലയത്തിൽ.
രാവിലെ ഏഴിനാണ് ആദ്യ ഷിഫ്റ്റ് തുടങ്ങുന്നത്. 45 കിലോമീറ്റർ ദൂരെനിന്നുവരെ കുട്ടികൾ പുലർച്ചെ എഴുന്നേറ്റ് വരേണ്ട അവസ്ഥയാണ്. നടുവണ്ണൂർ, ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സൂര്യനുദിക്കുന്നതിനുമുമ്പ് പുറപ്പെട്ടാൽ മാത്രമേ ഈസ്റ്റ്ഹില്ലിലുള്ള വിദ്യാലയത്തിൽ എത്താനാകൂ.
ഭക്ഷണംപോലും കാര്യമായി കഴിക്കാതെയാണ് രാവിലെയുള്ള ഷിഫ്റ്റിനായി മിക്ക വിദ്യാർഥികളുമെത്തുന്നത്. പരീക്ഷക്കാലത്ത് മാത്രമാണ് ഷിഫ്റ്റിൽ ചെറിയ ആശ്വാസം. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റിലെ വിദ്യാർഥികൾ രാത്രി വൈകിയാണ് വീടുകളിലെത്തുന്നത്. കുട്ടികളുടെ പഠനത്തിനായി രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ട് സഹിക്കുകയാണ്. പത്താം ക്ലാസുകാർക്ക് ബാച്ചുകളായി തിരിച്ച് രണ്ടര മണിക്കൂർ മാത്രമാണ് ക്ലാസെടുക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള പഴയ ബ്ലോക്കിലെ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് 2018 സെപ്റ്റംബറിൽ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് സുരക്ഷ പരിഗണിച്ച് ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലേക്കു മാറ്റിയത്. 20 മുറികളുള്ള താൽക്കാലിക കെട്ടിടം ഒന്നര മാസത്തിനുള്ളിൽ സജ്ജമാക്കാൻ രക്ഷിതാക്കളുടെ സംഘടനയായ 'വേക്' തീരുമാനിച്ചിരുന്നു.
എന്നാൽ, കേന്ദ്രീയ വിദ്യാലയ സംഘാതൻ അധികൃതർ കടുത്ത എതിർപ്പുയർത്തുകയായിരുന്നു. വിദ്യാലയത്തിൽ കെട്ടിടം നിർമിക്കാനോ ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ നടത്താനോ പി.ടി.എക്ക് അനുവാദം നൽകാനാവില്ല എന്നായിരുന്നു നിലപാട്. താൽക്കാലിക കെട്ടിടം നിർമിക്കാൻ രക്ഷിതാക്കളിൽനിന്ന് പിരിച്ചെടുത്ത 45,24,000 രൂപ പി.ടി.എ തിരിച്ചുകൊടുക്കുകയായിരുന്നു.
നിലവിൽ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് നിർമാണം നടത്തുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, ഈ ഉറപ്പ് പാലിക്കാനാകുമോയെന്ന സംശയമാണ് ചില രക്ഷിതാക്കളുയർത്തുന്നത്. കോവിഡ് കാലത്ത് നിർമാണം ഉഴപ്പിയതായും ഇവർ ആരോപിക്കുന്നു. ഓൺലൈൻ ക്ലാസുകൾ നടന്ന കോവിഡ് സമയത്ത് നിർമാണം കൃത്യമായി നടന്നിരുന്നെങ്കിൽ വിദ്യാർഥികളുടെ ദുരിതത്തിന് പരിഹാരമാകുമായിരുന്നു.
നടപടികൾ വേഗത്തിലാക്കുമെന്ന് അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ നൽകിയ ഉറപ്പും പാഴായി. 3000ത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ വികസനത്തിൽ ജനപ്രതിനിധികളും ഇടപെടുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
ജില്ലയിൽ നിലവിലുള്ള രണ്ടു കേന്ദ്രീയ വിദ്യാലയങ്ങളും നഗരത്തിൽതന്നെയായതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ സൗകര്യാർഥം ഉള്ള്യേരി ആഞ്ജനോറമലയിൽ കേന്ദ്രീയ വിദ്യാലയം നിർമിക്കാനുള്ള നടപടികൾ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.