വ്യാജസ്വർണ തട്ടിപ്പിന് ഇരയായി ധനകാര്യസ്ഥാപനങ്ങൾ
text_fieldsകോഴിക്കോട്: വ്യാജസ്വർണം പണയംവെച്ച് നിരവധി ധനകാര്യസ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയതായി വെളിപ്പെടുത്തൽ. കക്കോടി, ചേളന്നൂർ, അത്താണിക്കൽ എന്നിവിടങ്ങളിലെ ധനകാര്യസ്ഥാപനങ്ങളിൽ വ്യാജസ്വർണം പണയം വെച്ചതായാണ് സിറ്റി ക്രൈം സ്ക്വാഡിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ സെപ്റ്റംബർ 20ന് കണ്ടംകുളം ജൂബിലി ഹാളിനുസമീപം പശ്ചിമബംഗാൾ സ്വദേശിയായ റംസാൻ അലിയെ ആക്രമിച്ച് 1.2 കിലോഗ്രാം സ്വർണം എട്ടംഗ സംഘം തട്ടിയെടുത്ത സംഭവത്തിലെ തുടരന്വേഷണത്തിലാണ് വൻ തട്ടിപ്പ് വ്യക്തമായത്. തന്റെ ഉരുക്കുകേന്ദ്രത്തിൽനിന്ന് മാങ്കാവിലേക്ക് സ്വർണം കൊണ്ടുപോകുന്നതിനിടെയായിരുന്നു റംസാൻ അലിയെ ആക്രമിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് റംസാൻ അലിയുടെ ബിസിനസ് പങ്കാളിയും ബംഗാൾ സ്വദേശിയുമായ നിയാഖത്തടക്കം 12 പേർ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ ചില പ്രതികളാണ് വ്യാജസ്വർണം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയംവെച്ചതായി അന്വേഷണത്തിൽ വ്യക്തമായത്.
ദരിദ്രരായ സ്ത്രീകളെ ഉപയോഗിച്ച് വ്യാജസ്വർണം പണയം വെച്ചായിരുന്നു തട്ടിപ്പ്. ഉരച്ചുനോക്കി പരിശോധിച്ചാൽ വ്യാജ സ്വർണമാണെന്ന് മനസ്സിലാകാത്ത രീതിയിലാണ് ആഭരണങ്ങൾ നിർമിക്കുന്നത്.
മുകൾഭാഗത്ത് സ്വർണം പൂശിയുള്ള ഇത്തരം ആഭരണങ്ങൾ മുറിച്ചുനോക്കിയാൽ മാത്രമേ വ്യാജനാണെന്ന് വ്യക്തമാകുകയുള്ളൂ. 916 'പരിശുദ്ധി'യും ആഭരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവും ചെന്നൈയും കേന്ദ്രീകരിച്ച ഒരു സംഘമാണ് തട്ടിപ്പിന്റെ സൂത്രധാരന്മാർ. ഇവിടെ സ്വർണം നിർമിച്ചുനൽകിയ ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ലിങ്ക് റോഡിൽനിന്ന് കവർന്ന ഒരു കിലോഗ്രാം സ്വർണം 10 കിലോഗ്രാം വ്യാജസ്വർണത്തിൽ പൂശി വിവിധ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ പണയംവെക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പൊലീസ് പിടിച്ചാൽ കൈമാറാൻ വ്യാജ സ്വർണം ഉപയോഗിക്കാനായിരുന്നു പ്രതികൾ ഉദ്ദേശിച്ചത്.
പിന്നീട് കോടതിയിൽ വെച്ച് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുമ്പോൾ വ്യാജനാണെന്ന് തെളിയുകയും പൊലീസ് കുടുങ്ങുകയും ചെയ്യുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. എന്നാൽ, സിറ്റി ക്രൈം സ്ക്വാഡിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ വാഹനങ്ങൾ പണയത്തിനെടുത്ത് മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വാഹനം ചോദിച്ചുവരുന്ന ഉടമസ്ഥരെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി വാഹനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പൊളിച്ചുവിൽക്കാനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കായി കൈമാറിയതായും പൊലീസ് കണ്ടെത്തി.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അബ്ദുറഹിമാൻ, കെ.പി. മഹീഷ്, എം. ഷാലു, മഹേഷ് പൂക്കാട്, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.