ഇടവേളക്കുശേഷം ആസിം വെളിമണ്ണ സ്കൂളിലേക്ക്
text_fieldsകൊടുവള്ളി: ശാരീരിക പരിമിതികളെ മികവും ആത്മവിശ്വാസവും കൊണ്ട് കീഴടക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ ആസിം വെളിമണ്ണ വീണ്ടും സ്കൂളിലേക്ക്. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിലാണ് നാലുവർഷത്തെ ഇടവേളക്കുശേഷം ഇന്റർനാഷനൽ ചിൽഡ്രൻസ് പീസ് അവാർഡ് ജേതാവുകൂടിയായ ആസിം പ്രവേശനം നേടിയത്.
അഞ്ചാം ക്ലാസിൽ ആസിമിന് പഠനം തുടരുന്നതിനാണ് വെളിമണ്ണ ജി.എൽ.പി സ്കൂൾ യു.പി സ്കൂളായി അന്നത്തെ സർക്കാർ ഉയർത്തിയത്. ഏഴാം ക്ലാസിലെത്തിയപ്പോൾ ഹൈസ്കൂളാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആസിം ഏറെ പോരാട്ടം നടത്തിയിരുന്നു. തന്റെ വിദ്യാലയം ഹൈസ്കൂളായി മാറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഇതുവരെ. പ്രതീക്ഷ അസ്ഥാനത്തായപ്പോഴാണ് പത്താം ക്ലാസിലേക്ക് എം.ജെയിൽ പ്രവേശനം നേടിയത്.
ദുബൈയിൽനിന്ന് നാട്ടിലെത്തിയ ആസിം ശനിയാഴ്ചയാണ് സ്കൂളിൽ എത്തിയത്. ആസിമിന് സ്കൂളിൽ ഹൃദ്യമായ വരവേൽപ് നൽകി. പ്രധാനാധ്യാപിക എ. നിഷ, പി.ടി.എ പ്രസിഡന്റ് ബാബു കുടുക്കിൽ എന്നിവർ ചേർന്ന് അസിമിനെ സ്വീകരിച്ചു. ജെ. മിനി, പി.പി. മുഹമ്മദ് ഇസ്മായിൽ, എം. അബ്ദുൽ മുനീർ, ഷബീർ ചുഴലിക്കര, എം. താജുദ്ദീൻ, തമ്മീസ് അഹമ്മദ്, കെ. അബ്ദുൽ മുജീബ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.