രാജപാതയിലെ കവലകളിൽ പൂക്കാലം
text_fieldsകോഴിക്കോട്: നഗരത്തിലെ രാജപാതകൾക്ക് അലങ്കാരമായി പൂക്കളും ചെടികളും നിറഞ്ഞ കവലകൾ. ചൂടും വേവും നിറഞ്ഞ റോഡുകളിൽ യാത്രക്കാർക്ക് മനം കുളിരുന്ന അനുഭവമാവുകയാണ് കോഴിക്കോട് കാരപ്പറമ്പ് -കല്ലുത്താൻകടവ് റോഡിലെ ജങ്ഷനുകൾ.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ യു.എൽ.സി.സി നിർമിച്ച റോഡുകളിലാണ് പരിപാലനത്തിന്റെ ഭാഗമായി വർണാഭമായ പൂക്കളും ചെടികളുമൊരുക്കുന്നത്. കാരപ്പറമ്പ്, എരഞ്ഞിപ്പാലം പുതിയറ, അരയിടത്തുപാലം, കല്ലുത്താൻ കടവ് ജങ്ഷനുകളിലാണ് ബോഗൻവില്ല മെലസ്റ്റോമ, എക്സികോളിമ തുടങ്ങിയ പൂച്ചെടികളും ക്രോട്ടൺപ്ലാന്റ്സും വെച്ച് മനോഹരമാക്കിയിരിക്കുന്നത്.
പരിപാലനകരാറിൽ പറയാത്തതാണ് ഈ പദ്ധതിയെന്ന് പ്രോജക്ട് എൻജിനീയർ പറോളി അജിത്ത് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പരീക്ഷണമെന്ന നിലയിലാണ് ഈ റോഡ് ചെടികൾവെച്ച് സൗന്ദര്യവത്കരിച്ചത്. 300 ചെടിച്ചട്ടികൾ ജങ്ഷനുകളിലെ കൈവരികളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇത് നനക്കാനും പരിചരിക്കാനും പ്രത്യേകം തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാലന കരാർപ്രകാരം റോഡരികിൽ ഇലച്ചെടികളും ജങ്ഷനുകളിൽ ലോണുകളുമുണ്ട്. ഇത് പരിപാലിക്കുന്ന ടീം തന്നെയാണ് കവലകളിലെ ചെടിച്ചട്ടികളും പരിപാലിക്കുന്നത്. യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇവ സ്ഥാപിച്ചത്.
അദ്ദേഹത്തിന്റെ അനുമതി കിട്ടിയാൽ മറ്റ് പാതകളിലും ഇതുപോലെ സൗന്ദര്യവത്കരണം നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു. ‘ഊരാളുങ്കൽ കാലിക്കറ്റ് സിറ്റി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ട്’ എന്ന കമ്പനിക്ക് കീഴിലാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരമുള്ള റോഡുകൾ.
പുഷ്പ ജങ്ഷൻ-മാങ്കാവ്, സ്റ്റേഡിയം-പുതിയറ, ഗാന്ധി റോഡ്-മിനി ബൈപാസ്, പനാത്ത് താഴം-സി.ബ്ല്യു ആർ.ഡി.എം, കോവൂർ-വെള്ളിമാട്കുന്ന് റോഡുകളും ഈ പദ്ധതിയിൽപെടും. 2018ഓടെയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിപ്രകാരം റോഡുകൾ നിർമിച്ചത്.
20 വർഷത്തേക്ക് പരിപാലനക്കരാർ ഉൾപ്പെടുന്നതാണ് പദ്ധതി. പരിപാലനത്തിന്റെ ഭാഗമായി റോഡിലെ മാലിന്യം നീക്കലടക്കം ഉൾപ്പെടും. റോഡിലെ മണ്ണടക്കം നീക്കംചെയ്യാൻ പ്രത്യേക സ്വീപിങ് മെഷീൻ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ടാറിങ് എന്നും പുതുമയോടെ നിലനിർത്താനാവും. നഗരത്തിന് അഭിമാനമാണ് മനോഹരമായ ഇത്തരം റോഡുകൾ.
റോഡിലെ തടസ്സങ്ങളും കേടുപാടുകളും അധികൃതരെ അറിയിക്കാൻ പ്രത്യേക ടോൾഫ്രീ നമ്പറുണ്ട്. 18004250163 നമ്പറിൽ വിളിച്ചാൽ എമർജൻസി റെസ്പോൺസ് പ്രോട്ടോകോൾ ടീം (ഇ.ആർ.പി ടീം) ഉടൻ നടപടി സ്വീകരിക്കും. ഇനി ഒമ്പതര വർഷംകൂടി ഈ പരിപാലനം ഉണ്ടാവും. കരാർ കാലാവധി കഴിഞ്ഞാൽ റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറും. നഗരത്തിലെ മറ്റ് തെരുവുകളിൽ വിവിധ സംഘടനകൾ ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പരിപാലനമില്ലാതെ പലതും നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.