ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതം ദുരിതക്കയത്തിൽ
text_fieldsകോഴിക്കോട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതം ദുരിതക്കയത്തിലെന്ന് പരാതി. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരിമിതി തുടങ്ങിയ അവസ്ഥയിലുള്ളവരാണ് വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾപോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
ഭിന്നശേഷി പെൻഷനും മറ്റ് ആനുകൂല്യങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത പറഞ്ഞ് നിഷേധിക്കുന്നു എന്നതാണ് വ്യാപക പരാതി.
മെഡിക്കൽ സർട്ടിഫിക്കറ്റിൽ ‘ടെംപററി’ എന്നു ചേർക്കുന്നതോടെ പെൻഷൻ നിഷേധിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ നിലവിലുണ്ട് എന്നു പറഞ്ഞാണ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതെന്ന് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കോഴിക്കോടിന്റെ ജില്ല പ്രസിഡന്റ് പ്രഫ. കെ. കോയട്ടി പറഞ്ഞു.
2016ലെ ദ റൈറ്റ് ഓഫ് പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ് (ആർ.പി.ഡബ്ല്യു.ഡി) ആക്ടിൽ ഏതു സർട്ടിഫിക്കറ്റായാലും പെൻഷനടക്കം ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബൗദ്ധിക പരിമിതർക്ക് നൽകിവരുന്ന ക്ഷേമപെൻഷന് അവരുടെ കുടുംബവരുമാനം കണക്കാക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസേന 300 രൂപ ലഭിക്കുന്ന ജോലിയുള്ള ഒരാൾ കുടുംബത്തിലുണ്ടെങ്കിൽ ആ കുടുംബത്തിലെ ഇത്തരക്കാർക്ക് പെൻഷൻ ലഭിക്കുന്നില്ല.
അതിനിടെ, ബുദ്ധിപരിമിതരെ പരിചരിക്കുന്ന രക്ഷിതാക്കളടക്കമുള്ളവർക്കായി സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കിയ ആശ്വാസകിരണം പദ്ധതിയും കുത്തഴിഞ്ഞു.
പരിചാരകർക്ക് ദിവസേന 20 രൂപ തോതിൽ മാസം 600 രൂപയാണ് ഈ പദ്ധതിയിൽ അനുവദിച്ചത്. എന്നാൽ, രണ്ടു വർഷമായി ഈ ആനുകൂല്യം ലഭിക്കുന്നില്ല. മാത്രമല്ല, 2018 ഏപ്രിൽ മുതൽ നൽകിയ ആശ്വാസകിരണം അപേക്ഷയിലിതുവരെ നടപടി കൈക്കൊണ്ടിട്ടുമില്ല. സംസ്ഥാനത്ത് 92,412 പേർക്കും ജില്ലയിൽ 12,197
പേർക്കുമാണ് ഈ ആനുകൂല്യം കിട്ടിക്കൊണ്ടിരുന്നത്. 2020 സെപ്റ്റംബർ മുതൽ 2021 ജനുവരി വരെ അഞ്ചു മാസത്തെ ആനുകൂല്യം ഒരുമിച്ച് നൽകിയതിനുശേഷമുള്ള തുകയാണ് ഇതുവരെ കിട്ടാത്തത്.
പദ്ധതിയുടെ മാനദണ്ഡം പരിഷ്കരിച്ച് പൂർണമായും അന്ധത ബാധിച്ചവർ, പ്രായാധിക്യം, അർബുദം തുടങ്ങിയ കാരണങ്ങളാൽ കിടപ്പിലായവർ, ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവരെയും ഉൾപ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചതിനനുസരിച്ച് തുക വകയിരുത്താത്തതാണ് താളപ്പിഴയായതെന്നാണ് വിമർശനം.
സുപ്രീംകോടതി നിർദേശിച്ചിട്ടും എല്ലാ സ്കൂളിലും ആർ.സി.ഐ യോഗ്യതയുള്ള സ്പെഷൽ അധ്യാപകരെ നിയോഗിക്കാത്തതും വേണ്ടത്ര തൊഴിൽപരിശീലനം ഏർപ്പെടുത്താത്തതും ഭിന്നശേഷിക്കാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കാത്തതുമെല്ലാം ബൗദ്ധിക വെല്ലുവിളി നേരിടുന്നവരോടുള്ള അവഗണനയാലാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.