ഇഴകീറി ചർച്ച ചെയ്ത വിമർശനങ്ങൾ
text_fieldsകോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക വിമർശനം അത്യപൂർവം. പക്ഷേ, ചിലപ്പോൾ ആ വിമർശനങ്ങളും നിരൂപണങ്ങളും വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമരുന്നിടും. കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി നടത്തിയ വിമർശനമായിരുന്നു അതിൽ അവസാനത്തേത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കാണ് അതു വഴിവെച്ചത്.
‘എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെയാണ്’’. ഈ വാക്കുകൾ രാഷ്ട്രീയ-സാംസ്കാരിക കേരളം തലനാരിഴകീറി ചർച്ചചെയ്തു.
രണ്ടാം എൽ.ഡി.എഫ് സർക്കാറിനെതിരെ പിണറായി വിജയനെ മുൻനിർത്തി പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു എം.ടിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ഭരണമാണെന്നും വ്യക്തിപൂജയാണ് പാർട്ടിയിലെന്നുമുള്ള വിമർശനം ശക്തമായ സാഹചര്യത്തിൽ, പിണറായിയെ വേദിയിലിരുത്തി എം.ടി നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
കോൺഗ്രസ് ഇതു രാഷ്ട്രീയ ആയുധമാക്കി. ചില പ്രമുഖ സാംസ്കാരിക നായകരും എം.ടിയുടേത് രാഷ്ട്രീയ വിമർശനമായി തന്നെ സമർഥിച്ചു. എം.ടി പറഞ്ഞത് ദേശീയ രാഷ്ട്രീയം മുൻനിർത്തിയാണെന്ന വാദമുയർത്തിയായിരുന്നു സി.പി.എമ്മിന്റെ പ്രതിരോധ ശ്രമം. എന്നാൽ, കമ്യൂണിസ്റ്റ് ചരിത്രവും ഇ.എം.എസിന്റെ പ്രവർത്തന വൈഭവവും മാത്രം വിശദീകരിക്കുന്ന എം.ടിയുടെ പ്രസംഗത്തെ ദേശീയ സാഹചര്യത്തിൽ വ്യാഖ്യാനിക്കാനാകില്ലെന്ന് വ്യക്തമായതോടെ മന്ത്രിമാരും പാർട്ടി നേതാക്കളും കളം മാറിച്ചവിട്ടി. എം.ടി പറഞ്ഞത് പുതിയ കാര്യമല്ലെന്നും രണ്ടു പതിറ്റാണ്ടു മുമ്പ് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച ലേഖനസമാഹാരത്തിലുള്ളതാണെന്നുമായിരുന്നു പിന്നീട് ഉയർത്തിയ വാദം. മുമ്പ് എഴുതിയ കാര്യം ഇപ്പോഴും പ്രസക്തമായതിനാൽ ആലോചിച്ചുറച്ചാണ് എം.ടി പ്രസംഗം തയാറാക്കിയതെന്ന് വ്യക്തമാണെന്നായിരുന്നു ഇതിന്റെ മറുവാദം.
ഇതിനിടയിൽ എം.ടിയുമായി അടുപ്പമുള്ള എഴുത്തുകാരൻ എൻ.ഇ. സുധീറിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി. പ്രസംഗത്തെക്കുറിച്ച് എം.ടി തന്നോട് പറഞ്ഞത് ‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ചില യാഥാർഥ്യം പറയണമെന്ന് തോന്നി, പറഞ്ഞു. അത്രതന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്’ എന്നായിരുന്നു സുധീറിന്റെ വെളിപ്പെടുത്തൽ.
ആന്റണി സർക്കാറിന്റെ കാലത്ത് മുത്തങ്ങയിൽ ആദിവാസി സമരത്തിനു നേരെ നടന്ന പൊലീസ് നരനായാട്ടിനോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു. അന്ന് ഫിലിം ഫെസ്റ്റിവൽ അധ്യക്ഷ സ്ഥാനം രാജിവെച്ചാണ് എം.ടി ആദിവാസി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തിനെതിരെ കേന്ദ്ര സർക്കാറിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. നോട്ട് നിരോധനത്തിന്റെ വക്താക്കൾക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം തുറന്നടിച്ചു. ആക്ടിവിസ്റ്റുകളെയും സാമൂഹിക പ്രവർത്തകരെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയെയും എം.ടി വിമർശിച്ചിരുന്നു. സ്ഥാനമാനങ്ങൾക്കായും പുരസ്കാരലബ്ധിക്കായും ഭരണകൂട സ്തുതികീർത്തനം നടത്താൻ അദ്ദേഹം തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.