സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥ: ഇന്നലെ രണ്ടിടത്ത്
text_fieldsമുക്കം: സംസ്ഥാനപാതയിൽ മുക്കത്തിനും എരഞ്ഞിമാവിനുമിടയിൽ അപകടം നിത്യസംഭവമാകുന്നു. നവീകരണം നടന്ന റോഡിൽ അടുത്തകാലത്തായി മുപ്പതോളം അപകടങ്ങൾ നടന്നു. ജീവൻ നഷ്ടമായവരും ഗുരുതര പരിക്കേറ്റവരുമുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നാണ് ആക്ഷേപം. ചെറിയ മഴ പെയ്താൽ പോലും റോഡിൽ വാഹനങ്ങൾക്ക് ‘പിടിത്ത’മില്ലാത്ത അവസ്ഥയാണ്. ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗവുമെല്ലാം അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
ഞായറാഴ്ച മുക്കത്തിനും എരഞ്ഞിമാവിനുമിടയിൽ രണ്ട് അപകടങ്ങളാണ് നടന്നത്. കറുത്ത പറമ്പിൽ മിനി പിക്അപ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഗോതമ്പ റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു. ഉച്ചക്ക് ഒന്നരക്കും രണ്ടിനുമിടയിലായിരുന്നു അപകടങ്ങൾ.
സെപ്റ്റംബർ ഏഴിന് നെല്ലിക്കാപ്പറമ്പിനും കറുത്ത പറമ്പിനും ഇടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗോതമ്പ് റോഡ് കല്ലൂർ പരേതനായ ഭാസ്കരന്റെ മകൻ ജിജിത് ലാൽ(32) മരിച്ചിരുന്നു. ശക്തമായ മഴ തുടങ്ങിയ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം ഏഴ് അപകടങ്ങളാണ് ഉണ്ടായത്.
ആഗസ്റ്റിൽ കറുത്തപറമ്പിനും നെല്ലിക്കാപറമ്പിനുമിടയിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയുടെ പിറകിൽ ഇടിച്ചും റോഡിൽനിന്ന് തെന്നി മറിഞ്ഞ് മിനി പിക്അപ് വീടിന്റെ ചുറ്റുമതിൽ തകർത്തുമാണ് അപകടമുണ്ടായത്.
പിക്അപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് തലക്കും ഊരക്കും പരിക്കേറ്റു. കറുത്ത പറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തൊട്ടടുത്ത നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപത്താണ് മിനി പിക്അപ് നിയന്ത്രണം വിട്ടുമറിഞ്ഞ് തൊട്ടടുത്ത വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്ത് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
രണ്ടുദിവസം മുമ്പും നെല്ലിക്കാപറമ്പിൽ കാർ നിയന്ത്രണം വിട്ട് തെരുവ് വിളക്കിനായി സ്ഥാപിച്ച തൂണിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. മേയ് ഒന്ന് മുതൽ ആറ് വരെ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. കുളങ്ങരയിലും കുറ്റൂളിയിലും അപകടം നടന്നതും ഈ ദിവസങ്ങളിലാണ്. നോർത്ത് കാരശ്ശേരി മാടാമ്പുറം വളവിൽ ടിപ്പറുകൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. തൊട്ടടുത്ത് മറ്റൊരു അപകടവും നടന്നു.
അപകടം നടന്നപ്പോൾ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതേ തുടർന്ന് ഈ ഭാഗങ്ങളിൽ കരാറുകാർ പരിഹാര നടപടികൾ കൈക്കൊണ്ടിരുന്നു. നിത്യേനയെന്നോണം അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് നിർമാണത്തിലെ അപാകത പരിശോധിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.