മുക്കം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
text_fieldsമുക്കം: സഹകരണ സംഘം ജോ. രജിസ്ട്രാർ മുക്കം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തി. ബാങ്കിലെ ജീവനക്കാരുടെ നിയമനങ്ങളിലെ ക്രമക്കേടുകളും ഹൈകോടതി വിധിയുടെ ലംഘനവും ചൂണ്ടിക്കാട്ടി ബാങ്ക് മുൻ ഡയറക്ടർ എൻ.പി. ഷംസുദ്ദീൻ, ബാങ്കിലെ എ ക്ലാസ് അംഗം ബാബുരാജ് എന്നിവർ പരാതി നൽകിയിരുന്നു. നിരന്തരം കോടതികളെ സമീപിച്ച് വൻ സാമ്പത്തിക നഷ്ടം ബാങ്കിന് വരുത്തുന്നതായും പരാതിയിൽ ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളും അന്വേഷണങ്ങളും ശരിവെച്ച് ഭരണസമിതി പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തിന് ജോയന്റ് രജിസ്ട്രാർ ബാങ്ക് ഭരണസമിതിക്ക് നോട്ടീസ് നൽകിയിരുന്നു. അഞ്ചു ദിവസമായിരുന്നു മറുപടിക്ക് സമയം നൽകിയിരുന്നത്. എന്നാൽ, കൂടുതൽ സമയമാവശ്യപ്പെട്ട് ഭരണസമിതി ജോ. രജിസ്ട്രാർക്ക് കത്ത് നൽകുകയും തങ്ങളെ കേൾക്കാതെ നടപടിയെടുക്കരുതെന്ന് ജോ. രജിസ്ട്രാറോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബാങ്കിന്റെ ഹരജി പരിഗണിച്ച കോടതി അടുത്ത ബുധനാഴ്ച ഇതുസംബന്ധിച്ച് തീരുമാനമറിയിക്കാൻ ജോ. രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് സഹകരണ നിയമം 32 (1) വകുപ്പ് പ്രകാരം ഭരണസമിതി പിരിച്ചുവിട്ട് ജോ. രജിസ്ട്രാർ ഓഫിസിലെ സി.ആർ.പി സെക്ഷൻ ഒന്നിലെ ജീവനക്കാരൻ ഷൗക്കത്തിന് ഭരണ ചുമതല നൽകിയിരിക്കുന്നത്. ബാങ്കിന്റെ ധനസ്ഥിതി മനസ്സിലാക്കാതെ കോഴ വാങ്ങി പുതിയ ജീവനക്കാരെ നിയമിക്കുന്നതായും നിലവിലുള്ള ജീവനക്കാർക്ക് വേണ്ടത്ര പരിചയമില്ലാതെ പ്രമോഷൻ നൽകി എന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഭരണ സമിതിക്കെതിരെ ഉന്നയിക്കപ്പെടുന്നത്. നേരത്തെയും സമാനമായ വിവിധ ആരോപണങ്ങൾ ഉയർത്തി ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നുവെങ്കിലും ഹൈകോടതി ഉത്തരവിലൂടെ അധികാരം തിരികെ കിട്ടുകയായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സാമ്പത്തിക നഷ്ടത്തിലായ ബാങ്കിനെ കരകയറ്റാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ അനാവശ്യ വ്യവഹാരങ്ങൾക്കും നിയമനങ്ങൾക്കും മാത്രമാണ് ഭരണസമിതി താൽപര്യപ്പെടുന്നതെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ഭരണസമിതി അസാധുവാക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.