നവീകരണത്തിനു പിന്നാലെ റോഡ് താഴ്ന്ന സംഭവം; കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ പ്രവൃത്തി ആരംഭിച്ചു
text_fieldsമുക്കം: കോടികൾ മുടക്കി നടത്തിയ നവീകരണ പ്രവൃത്തിക്ക് പിന്നാലെ തകർന്ന കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ പുനർനിർമാണ പ്രവൃത്തി ആരംഭിച്ചു. റോഡ് താഴ്ന്ന ഭാഗങ്ങളിൽ പുനർപ്രവൃത്തിക്കായി റോഡ് പൊളിച്ചുതുടങ്ങി.
കറുത്തപറമ്പ് മുതൽ ഓടത്തെരുവ് വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് റോഡിലെ പുതിയ ടാറിങ് പൂർണമായും പൊളിച്ചുമാറ്റുകയാണ്. നവീകരണ പ്രവൃത്തിക്കെതിരെ നേരത്തേ തന്നെ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിൽ പലയിടത്തും റോഡിന്റെ അവസ്ഥ. നീലേശ്വരം മുതൽ ഗോതമ്പ റോഡുവരെ പല സ്ഥലങ്ങളിലും റോഡ് താഴ്ന്ന നിലയിലാണ്.
കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ 500 മീറ്ററിനിടെ ഒന്നിലധികം ഭാഗങ്ങളിൽ റോഡ് ഒരിഞ്ചോളം താഴ്ന്നുപോയിട്ടുണ്ട്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് തൊട്ടുമുന്നിൽ തന്നെ റോഡ് താഴ്ന്നുപോയിരുന്നു.
ഓടത്തെരുവ് അങ്ങാടിയിലെ പ്രധാന വളവിലും റോഡ് താഴ്ന്നത് അപകടഭീഷണി ഉയർത്തിയിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറ്റവുമധികം ഭീഷണിയുള്ളത്. റോഡിന്റെ താഴ്ന്ന അവസ്ഥമൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.
റോഡ് താഴ്ന്നുപോയതുമൂലം ട്രാഫിക് ലൈൻ മാർക്കിങ്ങിലും വ്യത്യാസം വന്നിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് നവീകരണം നടക്കുന്നത്.
കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്നു റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രെയ്നേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോടുകൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നതെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.