വില്ലേജ് ഓഫിസർക്കെതിരെയുള്ള സമരം; സർവിസ്, യുവജന സംഘടന പോര് മുറുകുന്നു
text_fieldsമുക്കം: കുമാരനെല്ലൂർ വില്ലേജ് ഓഫിസർക്കെതിരെയുള്ള സമരം ഇടത് യുവജന സംഘടനയും ജീവനക്കാരുടെ സംഘടനയും തമ്മിലുള്ള പോരായി. അനധികൃത മണ്ണെടുപ്പിനും തണ്ണീർത്തടങ്ങൾ നികത്തുന്നതിനും ഒത്താശ ചെയ്യുന്നതായി ആരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ കഴിഞ്ഞ നാലിന് വില്ലേജ് ഓഫിസറെ ഉപരോധിക്കുകയും വില്ലേജിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഓഫിസർക്കെതിരെ പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതികളിൽ യഥാസമയം നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫിസർ അന്നുതന്നെ പ്രതികരിച്ചിരുന്നു. പൊതുവേ സ്വീകാര്യനായ ഉദ്യോഗസ്ഥനെതിരെ നടത്തുന്ന രാഷ്ട്രീയ ആക്രമണമാണ് ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ യുവജന സംഘടനയുടെ സമരത്തിനെതിരെ വില്ലേജ് ഓഫിസർമാരുടെ കൂട്ടായ്മയും എൻ.ജി.ഒ അസോസിയേഷനും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാർ അവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ വരുതിയിലാക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ഇതിന് കൂട്ടുനിൽക്കാത്ത ജീവനക്കാരെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇവർ ആരോപിക്കുന്നു.
പാർട്ടികൾക്ക് നിർബന്ധ പിരിവ് നൽകാത്തവരെ ഉപദ്രവിക്കുന്നതിന് വില്ലേജ് ഓഫിസർമാരെ കരുവാക്കുകയാണെന്നാണ് വില്ലേജ് ഓഫിസർമാരുടെ കൂട്ടായ്മ ആരോപിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നതിനും അഴിമതിക്കാരായി ചിത്രീകരിക്കുന്നതിനുമെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.
ജീവനക്കാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേരള എൻ.ജി.ഒ അസോസിയേഷനും രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വില്ലേജ് ഓഫിസിന് മുന്നിൽ സംഘടന പ്രവർത്തകർ വിശദീകരണ യോഗം നടത്തി. ജില്ല പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു.
നീതിപൂർവം ജോലി ചെയ്യുന്ന കുമാരനെല്ലൂർ വില്ലേജ് ഓഫിസറുടെ പേരിൽ നടത്തുന്ന അപവാദ പ്രചാരണങ്ങൾ പ്രതിഷേധാർഹമാണെന്നും ജീവനക്കാരെ സമ്മർദത്തിലാക്കി നിയമവിരുദ്ധമായ കാര്യങ്ങൾ നടത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ. ഫവാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി. അരുൺ, കെ. അലവി, എം.എം. വിഷ്ണു, എ.കെ. അഖിൽ എന്നിവർ സംസാരിച്ചു.
അതേസമയം, നിലവിലെ വില്ലേജ് ഓഫിസർ ചുമതല ഏറ്റതുമുതൽ നടക്കുന്ന മണ്ണെടുപ്പിനും തണ്ണീർത്തടങ്ങൾ നികത്തുന്നതിനുമെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എ.ഐ.വൈ.എഫ് നേതൃത്വം വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതോടെ സി.പി.ഐ നേതൃത്വവും രംഗത്തിറങ്ങിയിട്ടുണ്ട്.
പണം ലഭിക്കാത്തതിന്റെ പേരിലാണ് സമരമെന്ന ആരോപണം പാർട്ടി ഗൗരവമായാണ് എടുത്തിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖ സി.പി.ഐ നേതാക്കൾ തിങ്കളാഴ്ച വില്ലേജ് ഓഫിസറെ കണ്ട് വിഷയം ചർച്ച ചെയ്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.