ഒമ്പത് ആരോഗ്യ സ്ഥാപനങ്ങൾ കൂടി എൻ.എ.ബി.എച്ച് അംഗീകാരത്തിലേക്ക്
text_fieldsകോഴിക്കോട്: ദേശീയ ആയുഷ് മിഷൻ ജില്ലയിൽ നടത്തുന്ന മികച്ച പ്രവർത്തനം വീണ്ടും അംഗീകാര നിറവിലേക്ക്. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസിന്റെ (എൻ.എ.ബി.എച്ച്) പട്ടികയിൽ ജില്ലയിലെ ഒമ്പത് സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ടതായി ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മാവൂർ, ചക്കിട്ടപ്പാറ (ചെമ്പനോട), ഉള്ള്യേരി, ചേളന്നൂർ, എടച്ചേരി എന്നീ അഞ്ച് ആയുർവേദ ഡിസ്പെൻസറികളും കീഴരിയൂർ (നമ്പ്രത്തുകര), അത്തോളി, കക്കോടി, എടച്ചേരി എന്നീ നാല് ഹോമിയോപതി ഡിസ്പെൻസറികളുമാണ് പട്ടികയിലുൾപ്പെട്ടത്. ഇവിടങ്ങളിൽ ഒക്ടോബർ 17, 18, 19 തീയതികളിൽ കേന്ദ്ര സംഘം പരിശോധന നടത്തും.
ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണമേന്മ വർധിപ്പിച്ച് മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനാണ് ദേശീയ ആയുഷ് മിഷൻ അനുവദിക്കുന്ന ധനസഹായത്തോടെ ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കിയ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭ്യമാക്കുന്നത്.
ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കിയ ആയുർവേദ ഡിസ്പൻസറികളിൽ യോഗ പരിശീലനം, വിവിധങ്ങളായ ആരോഗ്യ സേവനം, പാലിയേറ്റിവ് പരിചരണം അടക്കമുള്ളവ നൽകുന്നുണ്ട്. സംസ്ഥാനത്ത് ആയുഷ് മിഷൻ വഴി 207 കോടി രൂപയുടെ പദ്ധതികളാണ് ഭാരതീയ ചികിത്സ വകുപ്പിലും, ഹോമിയോപ്പതി വകുപ്പിലുമായി നടപ്പാക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയായ ‘ഹർഷം’ ഇതിനകം ബാലുശ്ശേരി ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചു.
കണ്ണ് രോഗത്തിനുള്ള ‘ദൃഷ്ടി’ പദ്ധതി ജില്ല ആയുർവേദ ആശുപത്രിയുടെ കീഴിൽ ഉടൻ തുടങ്ങും. ‘ആയുഷ്ഗ്രാം’ പദ്ധതിയുടെ കീഴിൽ എൻ.ഡി.സി ക്ലിനിക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ വട്ടോളിയിൽ സജ്ജമായി എന്നും അധികൃതർ അറിയിച്ചു.
ദേശീയ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. അനീന പി. ത്യാഗരാജ്, ഹോമിയോപ്പതി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കവിത പുരുഷോത്തമൻ, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീലത, ഡോ. ജിതേഷ് രാജ്, ഡോ. യു. നിഖിൽ, ഡോ. അനു പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.