മനസ്സിൽ മായാതെ നിൽക്കുന്ന ചെന്നൈ ഓണം
text_fieldsമാറുന്ന കാലത്തിനനുസരിച്ച് ഓണാഘോഷത്തിന്‍റെ വൈബ് മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ജില്ല കലക്ടർ എ. ഗീത മനസ്സിലിന്നും താലോലിക്കുന്നത് കുട്ടിക്കാലത്തെ ചെന്നൈയിലെ ഓണാഘോഷങ്ങളാണ്. പാലക്കാട്ടാണ് ജനിച്ചതെങ്കിലും നാലാം വയസ്സിൽതന്നെ അച്ഛന്‍റെ ജോലിയാവശ്യാർഥം കുടുംബം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് കേരളത്തിൽ നിരവധി ഓണം ആഘോഷിച്ചെങ്കിലും കുട്ടിക്കാലത്ത് ചെന്നൈയിലെ ഓണാഘോഷങ്ങളായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം നൽകിയത്.
നാട്ടിലെ ഓണം വല്ലാതെ മിസ് ചെയ്യുന്ന ഒരുകാലം കൂടിയായിരുന്നു അത്. നാട്ടിൽ വലിയ ആഘോഷങ്ങളാണല്ലോ. അതിൽ പങ്കെടുക്കാൻ കഴിയുന്നില്ലല്ലോ എന്ന നഷ്ടബോധമായിരുന്നു അന്ന് മനസ്സുനിറയെ. ചെന്നൈയിൽ ഓണത്തിന് സ്കൂളുകൾക്ക് അവധി ലഭിക്കില്ലെന്നതിനാൽ നാട്ടിൽ വരാനും സാധിക്കില്ല. പക്ഷേ, ആ ഒരു വിഷമം അറിയാതിരിക്കാൻ വീട്ടിൽ ഓണം കെങ്കേമമായി ആഘോഷിക്കും. അയൽവാസികളൊക്കെ തമിഴ്നാട്ടുകാർ തന്നെയായിരുന്നതിനാൽ ഓണം ആഘോഷം ഞങ്ങൾക്കുമാത്രമായിരുന്നു.
തിരുവോണദിവസം അമ്മ രാവിലെതന്നെ വലിയ ഉരുളിയിൽ പായസമുണ്ടാക്കും. ഞാനും അനിയത്തിയും ചെറിയ പാത്രങ്ങളിലാക്കി അയൽവീടുകളിലെല്ലാം കൊടുക്കും. ഉച്ചയോടെ എല്ലാരും ഒന്നിച്ചിരുന്ന് ഭക്ഷണം. സ്കൂളിൽ അവധിയെടുത്താണ് അന്ന് ഓണം ആഘോഷിച്ചിരുന്നത്. കുട്ടിക്കാലത്തെ ആ ഓണമാണ് ഓർമകളിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഓണം. കേരളത്തിലേതുപോലെ പുലികളിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. അയൽവാസികൾ ആവരുടെ ആഘോഷമായ ദീപാവലിക്കും പൊങ്കലിനും ദസറക്കും ഞങ്ങളെ ക്ഷണിക്കുകയും മധുരം നൽകുകയും ചെയ്തിരുന്നു. അതുപോലെ ഞങ്ങൾക്ക് തിരിച്ച് അവർക്ക് മധുരം നൽകാനും സദ്യ വിളമ്പാനും കേരളത്തിന്‍റെ തനിമയും പൊലിമയും അറിയിക്കാനുമുള്ള അവസരം കൂടിയായിരുന്നു ഓണം. ചെറിയ സർക്കിളിൽ ആണെങ്കിൽപോലും ആഘോഷത്തിന് ഒരു കുറവും വരുത്തിയിരുന്നില്ല. ചെന്നൈയിൽ മലയാളികൾ തമ്മിൽ നല്ല ഐക്യമായിരുന്നു. മലയാളിസമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കും. കേരളത്തനിമയുള്ള പരിപാടികൾ ഒക്കെ അവതരിപ്പിക്കുന്നത് ഇത്തരം സംഘടിത ആഘോഷങ്ങളിലാണ്.
വീട്ടിലെ മുതിർന്ന ആളുകളോടൊപ്പം ഓണം ആഘോഷിക്കുക എന്നതാണ് എക്കാലത്തും വലിയ ആഗ്രഹം. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നതിനേക്കാൾ അവർക്ക് സന്തോഷംനൽകുക ഒരു ദിവസം അവരോടൊപ്പം നമ്മൾ സമയം ചെലവഴിക്കുക എന്നതാണ്. ചെന്നൈയിൽ ബന്ധുക്കൾ കുറവായിരുന്നതിനാൽ കിട്ടുന്നസമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിച്ചിരുന്നത്. കേരളത്തിൽ തിരിച്ചെത്തിയപ്പോൾ തിരുവനന്തപുരത്ത് വീടുകളിലെ ആഘോഷത്തേക്കാൾ മികച്ചുനിന്നത് തെരുവോരങ്ങളിലെ ഓണമായിരുന്നു.
കോഴിക്കോട്ട് ആദ്യമായാണ് ഓണാഘോങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞതവണ വയനാട്ടിലായിരുന്നു ഓണം. സർവിസിനിടെ ഏറ്റവും കൂടുതൽ ആസ്വദിച്ച ഓണമായിരുന്നു അത്. ഒരാഴ്ച നീണ്ടുനിന്ന ആഘോഷം. എല്ലാ താലൂക്കിലും വിപുലമായ പരിപാടികൾ. ജില്ലതലത്തിലുള്ള ഓഫിസർമാരെല്ലാവരും കൂടി തിരുവാതിര ഒക്കെ കളിച്ച് പൊലിമയോടെ ആഘോഷം നന്നായി ആസ്വദിച്ചിരുന്നു. ജീവനക്കാരുമായി അടുത്തബന്ധം സ്ഥാപിക്കാൻ സാധിച്ച ഓണക്കാലം കൂടിയായിരുന്നു അത്. എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.