ഓൺലൈൻ പഠനവേദിയായി ഓഡിറ്റോറിയം; അധ്യാപകനായി മന്ത്രി
text_fieldsപറമ്പിൽ ബസാർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കി പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂൾ. പഠനവേദി ഒരുക്കിയത് പറമ്പിൽ ബസാറിലെ അൽബ ഓഡിറ്റോറിയം. ക്ലാസെടുക്കാൻ മന്ത്രി തന്നെ എത്തിയപ്പോൾ പഠിതാക്കൾക്ക് കൗതുകമായി.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് തെൻറ മണ്ഡലത്തിലെ പഠനകേന്ദ്രത്തിൽ അധ്യാപകനായി എത്തിയത്. ചോദ്യങ്ങൾ ചോദിച്ചും ഉത്തരം തേടിയും മന്ത്രി കുട്ടികൾക്ക് മുന്നിൽ അധ്യാപകനായി. പ്രകൃതിയെ കുറിച്ചും പ്രകൃതി സംരക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും നാടിെൻറ ചരിത്രത്തെക്കുറിച്ചും പൊതുവായി മന്ത്രി തെൻറ പഠന ക്ലാസിൽ വിശദീകരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പറമ്പിൽ പ്രദേശത്തെ ഓൺലൈൻ സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ ഫസ്റ്റ് ബെൽ ടൈംടേബിൾ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ച് ഓൺലൈൻ സൗകര്യം ഈ കേന്ദ്രത്തിൽ ലഭ്യമാകും. പറമ്പിൽ ബസാർ അൽബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ഹാൾ വിട്ടുനൽകിയ ഉടമ പി. അബ്ദുൽ ഗഫൂറിന് ആദരവ് അർപ്പിച്ചു. ചടങ്ങിൽ എം.എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. ഭാഗ്യനാഥൻ, ബ്ലോക്ക് മെംബർ രതി തടത്തിൽ, കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ, പറമ്പിൽ ഹൈസ്കൂൾ പ്രധാനാധ്യാപിക എം.ആർ. ദീപ, ബി.പി.ഒ കെ.എം. ശിവദാസൻ, റിട്ട. ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. മുരളി എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.പി. മാധവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.