മുഗൾ ശിൽപകലയുടെ വേറിട്ട സൗന്ദര്യം; മത് ലൂബിന്റെ കരവിരുതിൽ ഭദ്രമാണ്
text_fieldsപയ്യോളി: ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേളയിലെ സ്ഥിരം സന്ദർശകർക്ക് ഏറെ സുപരിചിതമാണ് ഡൽഹി സ്വദേശിയായ മുഹമ്മദ് മത് ലൂബിനെയും കുടുംബത്തെയും. ഒപ്പം അതിലുമേറെയാണ് മത് ലൂബിന്റെ കരവിരുതിൽ കൊത്തിയെടുക്കുന്ന മുഗൾ ശിൽപകലാ ചാതുര്യം നിറഞ്ഞുതുളുമ്പുന്ന വിവിധ തരം ഉല്പന്നങ്ങളും.
നാലു പതിറ്റാണ്ടായി ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടി മുഗൾ ശിൽപകലയെ ജീവവായുവെന്നപോലെ ഏറ്റെടുത്ത മത് ലൂബ് പത്ത് വർഷത്തിനിടയിൽ തുടർച്ചയായി ഏഴാം തവണയാണ് സർഗാലയയിൽ എത്തുന്നത്. പ്രദർശനനഗരിയുടെ പ്രവേശന കവാടത്തിൽതന്നെയാണ് മത് ലൂബിന്റെ സ്റ്റാളുള്ളത് .
പേരിന്റെ ആദ്യാക്ഷരം ഇംഗ്ലീഷിൽ കുറിച്ചുവെച്ച കീ ചെയിനും, ഗിറ്റാറും മുതൽ കോസ്റ്റർ ഗെയിം, ഹെയർ ക്ലിപ്പ് , പേനകൾ, തൂത്തി, ആഭരണപ്പെട്ടി, ആഡംബര വിളക്ക് തുടങ്ങി സന്ദർശകർക്ക് ആകർഷണീയമായ രീതിയിലുള്ള വിവിധ മരങ്ങളിൽ തീർത്ത ഉല്പന്നങ്ങളാണ് സ്റ്റാളിലുള്ളത്.
ഒമ്പത് വിദേശ രാജ്യങ്ങളിൽ പ്രദർശനവും വില്പനയും നടത്തിയ ഇദ്ദേഹം രണ്ട് അന്തർദേശീയ അംഗീകാരങ്ങൾ, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ രണ്ടും, ഡൽഹി സർക്കാറിന്റെ അഞ്ചും വീതം പുരസ്കാരങ്ങളടക്കം ഒട്ടേറെ ബഹുമതികളാണ് ഇക്കാലത്തിനിടയിൽ കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ മൂന്നിന് ഇന്ത്യയിലെ പോർച്ചുഗൽ അംബാസഡറായ കാർലോസ് പെരേരിയ മാർക്കോസിൽനിന്നു മത് ലൂബ് അനുമോദനപത്രം ഏറ്റുവാങ്ങിയിരുന്നു. സ്റ്റാളുകളിൽ ഭാര്യ ഷാഹീൻ അൻജുമും മകൻ മുഹമ്മദ് മർഹൂബും സഹായത്തിനായി കൂടെയുണ്ട്. മകൾ സ്വാലിഹ അൻജൂമിനെ ഇത്തവണ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് മത് ലൂബ് പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.