കാട്ടുകണ്ടി കുഞ്ഞബ്ദുല്ലക്ക് നാടിന്റെ ആദരം
text_fieldsപയ്യോളി: വർഷങ്ങൾക്കുമുമ്പ് ദുരന്തം വേട്ടയാടിയതിനെ തുടർന്ന് അക്ഷരാർഥത്തിൽ മരിച്ചുജീവിച്ച പയ്യോളി കാട്ടുകണ്ടി കുഞ്ഞബ്ദുല്ലക്ക് ഇത് പുനർജന്മം. 30 വർഷം മുമ്പാണ് താൻ സഞ്ചരിച്ച വാഹനത്തിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ മരണവുമായി മുഖാമുഖം കണ്ട് സുഷുമ്നാനാഡി തകർന്ന അവസ്ഥയിലായത്.
കഴുത്തിന് താഴെ നിർജീവമായ നിലയിൽ ജീവിതം തള്ളിനീക്കിയ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയെന്ന അമ്പത്തിയാറുകാരൻ ഇപ്പോൾ തന്റെ ഇച്ഛാശക്തിയിലൂടെ മാത്രമാണ് ജീവിതത്തിന്റെ പച്ചപ്പിലേക്ക് നടന്നുകയറിയത്. പിന്നിട്ട നാൾവഴികൾ ഏറെ ക്ലേശകരമായിരുന്നുവെങ്കിലും കുഞ്ഞബ്ദുല്ല രോഗശയ്യയിൽ വിശ്രമിക്കുകയായിരുന്നില്ല.
മറിച്ച്, അനേകം രോഗികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും പ്രചോദനമാവുംവിധം പ്രതിസന്ധികളെ അതിജീവിക്കാനുതകുന്ന 'പ്രത്യാശയുടെ അത്ഭുതഗോപുരം' എന്ന പുസ്തകമുൾപ്പെടെ ഏതാനും കൃതികൾ രചിക്കുകയുണ്ടായി. അതോടൊപ്പം ലോകത്തിന്റെ നാനാഭാഗത്തും സുഹൃദ് വലയം നേടിയ ഇദ്ദേഹം വീൽചെയറിലിരുന്നുകൊണ്ടുതന്നെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഡോക്ടർമാർപോലും അസാധ്യമെന്ന് വിധിയെഴുതിയ പല മേഖലകളിലും ഇദ്ദേഹം എത്തിച്ചേർന്നു. ദുരന്തം വേട്ടയാടിയ ജീവിതത്തോട് പൊരുതിനേടിയ അത്ഭുതഗോപുരമായി മാറിയ കുഞ്ഞബ്ദുല്ലക്കും പത്നി റുഖിയെയും പയ്യോളി പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തിക്കോടിയൻ സ്മാരക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബഷീർ മേലടി അധ്യക്ഷത വഹിച്ചു. പട്ടായി മൊയ്തീൻ, റഫീഖ് കമാൽ, ബിനു കാരോളി, മoത്തിൽ അബ്ദുറഹ്മാൻ, രാജൻ ചേലക്കൽ, ഇസ്മായിൽ മേലടി, എ.കെ. അബ്ദുറഹിമാൻ, റസാഖ് പള്ളിക്കര, ആർ.കെ. റഷീദ്, അൻവർ കായിരികണ്ടി, കിരൺസഞ്ചു, സലീന പയ്യോളി, കെ.പി.എ. വഹാബ്, അജ്മൽ മാടായി, സലാം ഫർഹത്ത്, കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ്, യൂസഫ് ചങ്ങരോത്ത് എന്നിവർ സംസാരിച്ചു. ടി. ഖാലിദ് സ്വാഗതവും എം.സി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.