പ്രതിഷേധം ഫലംകണ്ടു; ഇരിങ്ങലിൽ വീണ്ടും ട്രെയിനുകൾ നിർത്തും
text_fieldsപയ്യോളി: കോവിഡ് കാലത്ത് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയത് കാരണം ഇരിങ്ങലിൽ ട്രെയിനുകൾ നിർത്താത്തതിനു പരിഹാരമായി.
കോവിഡാനന്തരം പാസഞ്ചർ ട്രെയിനുകൾ ഏറെക്കാലമായി ഓടിത്തുടങ്ങിയിട്ടും ഇരിങ്ങലിൽ മുമ്പ് നിർത്തിയിരുന്ന ട്രെയിനുകൾക്കുള്ള സ്റ്റോപ് പുനഃസ്ഥാപിക്കാത്തതിൽ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്ച മുതൽ മൂന്നു ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ് പുനഃസ്ഥാപിച്ച് ഉത്തരവായത്.
രാവിലെ ഏഴരക്കുള്ള ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമു, ഉച്ചക്ക് മൂന്നിന് എത്തുന്ന കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ, വൈകീട്ട് 6.21ന് കണ്ണൂരിൽനിന്ന് ഷൊർണൂർ വരെ പോകുന്ന ട്രെയിനുകൾക്കുമാണ് ഇരിങ്ങലിൽ സ്റ്റോപ് അനുവദിച്ചത്.
എന്നാൽ, കോവിഡിനുമുമ്പ് ഇവിടെ നിർത്തിയിരുന്ന കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ ട്രെയിനിന് സ്റ്റോപ് അനുവദിച്ചതായി ഉത്തരവിലില്ല. ഇരിങ്ങലിൽ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
പിന്നീട് റെയിൽവേ പാസഞ്ചർ അമനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ എന്നിവരുടെ ഇടപെടലും നടപടിക്ക് സഹായകമായി. വ്യാഴാഴ്ച രാവിലെ ഇരിങ്ങലിൽ എത്തുന്ന ട്രെയിനിന് സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കർമസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.