ആവളയിൽ സ്കൂൾബസ് അപകടത്തിൽ 13 പേർക്ക് പരിക്ക്
text_fieldsപേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് അപകടത്തിൽപെട്ട് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരിക്കേറ്റു. ഡ്രൈവർ ആവള നാഗത്ത്കണ്ടി രവീന്ദ്രൻ (55), വിദ്യാർഥികളായ എടവരാട് കുന്നത്ത് ആയിഷ റിഫ, കുന്നത്ത് മീത്തൽ അസ്മിന, നടുക്കണ്ടി മീത്തൽ റിഫ ഫാത്തിമ, കുളമുള്ളതിൽ അനാമിക.
കണ്ടി മണ്ണിൽ മുഹമ്മദ് മിഹാൽ, എടവത്ത് മീത്തൽ സിനാൻ, കാമ്പ്രത്ത് റന മെഹറിൻ, കുട്ടോത്ത് സ്വദേശികളായ രയരോത്ത് കുന്നുമ്മൽ അശ്വിൻ, പോന്തേരി ജിസി, പറമ്പത്ത് സിയ, പൂവിലോത്ത് മെഹദിയ, മുക്കിൽ ഫിദ എന്നിവർക്കാണ് പരിക്കേറ്റത്. വിദ്യാർഥികൾ പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ വീടുകളിൽനിന്ന് വിദ്യാർഥികളെയും കയറ്റി സ്കൂളിലേക്ക് വരുമ്പോൾ ആവള ബ്രദേഴ്സ് കലാസമിതിക്ക് സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട ബസ് വൈദ്യുതി തൂണിലും ടെലിഫോൺ തൂണിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മതിലും തൂണുകളും തകർന്നു. ബസിന്റെ ഒരു ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ വിദ്യാർഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.