ഇനിയില്ല, പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ആ സൗമ്യമുഖം
text_fieldsപേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എം. ബീനയുടെ അകാല വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് സഹപ്രവർത്തകരും നാട്ടുകാരും. പൊലീസിലെ സൗമ്യ മുഖമായ ബീന സഹപ്രവർത്തകർക്കും നാട്ടുകാർക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവളായിരുന്നു.
പരാതികളുമായി സ്റ്റേഷനിലെത്തുന്ന വനിതകൾക്ക് വലിയ ആശ്വാസമായിരുന്നു ഈ പൊലീസ് ഓഫിസറുടെ ഇടപെടൽ. പീഡനക്കേസിലെ ഇരകൾക്ക് കൗൺസലിങ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്റ്റേഷനിൽ എത്തുന്നവരോടുള്ള ബീനയുടെ പെരുമാറ്റം മാതൃകാപരമായിരുന്നു. പൊലീസിൽ ചേരാൻ വനിതകൾ മടിക്കുന്ന കാലത്താണ് ഇവർ ധൈര്യപൂർവം കാക്കിക്കുപ്പായമിടാൻ തയാറായത്. തിങ്കളാഴ്ച വൈകീട്ട് നാലിന് പേരാമ്പ്ര സ്റ്റേഷനിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ ഇവർ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച ഉച്ച രണ്ടോടെ പേരാമ്പ്രയിൽ എത്തിച്ച് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. മണിക്കൂറുകൾക്ക് മുമ്പ് ജോലി കഴിഞ്ഞുപോയവളുടെ ചേതനയറ്റ ശരീരം സ്റ്റേഷന്റെ പടികടന്നെത്തിയപ്പോൾ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കണ്ണുനിറഞ്ഞു.
അവർക്ക് അവസാന സല്യൂട്ട് നൽകാൻ റൂറൽ എസ്.പി കറുപ്പസ്വാമി, എസ്.പി ശ്രീജിത്ത്, ഡിവൈ.എസ്.പിമാരായ ഹരിദാസ്, ലതീഷ്, സി.ഐ ബിനു തോമസ് തുടങ്ങിയവർ എത്തിയിരുന്നു. സേനയുടെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അവരെ യാത്രയാക്കിയത്.
ഇനി ഡ്യൂട്ടി എടുക്കാൻ അവർ ഉണ്ടാവില്ലെന്നസത്യം ഉൾക്കൊള്ളാൻ സഹപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്റ്റേഷനിലെ പൊതുദർശനത്തിനു ശേഷം എരവട്ടൂർ കൈപ്രത്തെ ഭർതൃവീട്ടിലും പൊതുദർശനത്തിനുവെച്ചു. വൈകീട്ട് അഞ്ചോടെ ചെമ്പനോടയിലെ സ്വന്തം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.