പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് ബോംബേറ്
text_fieldsപേരാമ്പ്ര: കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ ബോബേറ്. ചൊവ്വാഴ്ച പുലര്‍ച്ചയുണ്ടായ ബേംബേറിൽ ഓഫിസിന്റെ മുന്‍വശത്തെ ജനലുകളും വാതിലും പൂർണമായും തകര്‍ന്നു. ഒരു മണിയോടെയാണ് സംഭവം. പേരാമ്പ്ര പ്രസിഡന്‍സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച അർധരാത്രിവരെ പ്രവർത്തകർ ഇവിടെയുണ്ടായിരുന്നു. ഇവർ പോയശേഷമാണ് സംഭവം. പ്രവര്‍ത്തകര്‍ പോകുമ്പോള്‍ ഇവിടെ പൊലീസ് കാവലുണ്ടായിരുന്നു. എന്നാൽ, പിന്നീട് പൈതോത്ത് റോഡിൽ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അങ്ങോട്ടു പോയപ്പോഴാണ് ബോംബേറ് നടന്നത്.
അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. റൂറല്‍ ജില്ലാ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഓഫിസിലും പരിസരത്തും പരിശോധന നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഓഫിസ് സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്പ്രയിൽ പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. വിനോദന്‍, രാജന്‍ മരുതേരി, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കെ.എ. ജോസുകുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, മനോജ് എടാണി, വി.പി. സുരേഷ്, രാജന്‍ കെ. പുതിയേടത്ത്, എസ്. സുനന്ദ്, പി.എസ്. സുനില്‍ കുമാര്‍, ഇ.ടി. സരീഷ്, പി.എം. പ്രകാശന്‍, വി.ടി. സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാലേരിയിൽ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷം; അഞ്ച് പേർക്ക് പരിക്ക്
പാലേരി: കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, മൂന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റ് നടുക്കണ്ടി രവി, കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഒ.വി. രജീഷ്, കിരൺ എന്നിവർക്കും പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 6.30തോടെയാണ് സംഭവം. കെ.പി.സി.സി ഓഫിസിനും കന്നാട്ടിയിലെ കോൺഗ്രസ് ഭവനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രകടനം നടത്തിയത്. ബസ് സ്റ്റോപ്പിനടുത്തുനിന്നാരംഭിച്ച പ്രകടനം കുറ്റ്യാടി ഭാഗത്തേക്ക് പോയി തിരിച്ചു വരുന്നതിനിടെ ഒറ്റക്കണ്ടം റോഡിന് സമീപത്തെത്തിയപ്പോൾ ഡി.വൈ. എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, തങ്ങളുടെ പ്രകടനത്തിനു നേരെ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ചങ്ങരോത്ത് പഞ്ചായത്തിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ ഹർത്താൽ ആചരിക്കുമെന്ന് യു.ഡി.എഫ് ചെർമാൻ എ.പി. അബ്ദുറഹ്മാൻ, കൺവീനർ കെ.കെ. അശോകൻ എന്നിവർ അറിയിച്ചു. ആശുപത്രി, പാൽ, മെഡിക്കൽ ഷോപ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.