കോതി മാലിന്യപ്ലാന്‍റിനെതിരെ പ്രതിഷേധം കത്തി
text_fieldsകോഴിക്കോട്: കോർപറേഷൻ നിർമിക്കുന്ന ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ കോതി നിവാസികളുടെ രണ്ടാം ദിവസത്തെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രാവിലെ മുതൽ സംഘർഷാവസ്ഥയിലായിരുന്നു പദ്ധതിപ്രദേശമെങ്കിലും വൻ പൊലീസ് സന്നാഹത്തോടെ 11ഓടെ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി തടയാനുള്ള നാട്ടുകാരുടെ ശ്രമം വൻ പൊലീസ് സന്നാഹം പരാജയപ്പെടുത്തി.
സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ പൊലീസ് സ്ഥലത്തുനിന്നും വലിച്ചിഴച്ചുനീക്കി. ബുധനാഴ്ച തുടങ്ങിയ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും തുടർച്ചയായി ഏഴു മുതൽതന്നെ സമരസമിതി പ്രവർത്തകരും നാട്ടുകാരും കോതിയിൽ തമ്പടിച്ചിരുന്നു.
മരത്തടികളും കല്ലുമിട്ട് വഴി തടയുകയും സ്ത്രീകളടക്കമുള്ളവർ കസേരയിട്ട് റോഡിൽ ഇരിക്കുകയും ചെയ്തു. പൊലീസും നിർമാണജോലിക്കാരും വണ്ടികളും എത്തുന്നത് തടയാൻ റോഡ് മുഴുവൻ സമരക്കാർ ടയറിട്ട് കത്തിച്ചു. ഒമ്പതോടെ സ്ഥലത്തെത്തിയ പൊലീസ് സമരക്കാരായ പുരുഷന്മാരും സ്ത്രീകളുമടക്കമുള്ള 42 പേരെ അറസ്റ്റ് ചെയ്ത് നീക്കി. 19 പുരുഷന്മാരെയും 23 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്.
റോഡിലെ തടസ്സങ്ങളെല്ലാം നീക്കിയ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ നടത്തിയ ശ്രമം സംഘർഷത്തിലേക്കു നീങ്ങി. സ്ത്രീകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ കുട്ടികൾക്കും പരിക്കേറ്റു. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ചുമാറ്റി.
മാതാവിനെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്തുനിന്ന് ബലപ്രയോഗത്തിലൂടെ എടുത്തുമാറ്റിയത്. പത്തോടെ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പ്രദേശം പൂർണമായി പൊലീസ് നിയന്ത്രണത്തിലായി.
നാല് എ.സിമാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസുകാരാണ് സ്ഥലത്ത് തമ്പടിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷം 11ഓടെ പൊലീസ് അകമ്പടിയോടെ ടിപ്പർ ലോറികളിൽ കരിങ്കല്ലിറക്കുകയും നിർമാണം പുനരാരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറും സമരത്തിന് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.