കോഴിക്കോട് ജില്ലയിൽ മഴഭീതി കുറഞ്ഞു
text_fieldsകോഴിക്കോട്: ജില്ലയിൽ മഴ കനക്കാതിരുന്നത് ജനങ്ങൾക്കും ഭരണകൂടത്തിനും ആശ്വാസമായി. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതികൾ കാരണം ജില്ലയിലും മുൻകരുതലുകൾ ശക്തമാക്കിയിരുന്നു. ജില്ലയിൽ പൊതുവേ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില് കഴിഞ്ഞ ദിവസം ശരാശരി ആറു സെൻറീമിറ്റർ മഴ മാത്രമാണ് ലഭിച്ചത്. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, പത്തു െസ.മീ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴ മാപിനികളിൽ യഥാക്രമം മൂന്ന്, അഞ്ച്, ഏഴ് സെ.മീ വീതം മഴ രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രിയിൽ വൃഷ്ടി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ ഉയരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായി. തോട്ടത്തിൻ കടവിലെ കേന്ദ്ര ജലകമീഷന്റെ നദികളിലെ ജലനിരപ്പ് നിരീക്ഷണ സംവിധാനത്തിൽ നിന്ന് ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 24.130 മീറ്റർ ആയി ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ അപകട നിരപ്പായ 32.8 മീറ്ററിനേക്കാൾ താഴെയാണ് എന്നുള്ളത് ആശ്വാസകരമാണ്. കുറ്റ്യാടിപ്പുഴയിലും ചാലിയാറിലും നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും മഴ കുറഞ്ഞതോടെ പൂർവ സ്ഥിതിയിലായി. വൈദ്യുതി വകുപ്പിന്റെ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീ. ആയി ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ സംഭരണ ശേഷിയുടെ ആകെ 48.02ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
ജലസേചന വകുപ്പിെൻറ പെരുവണ്ണാമൂഴി അണക്കെട്ടിൽ നിലവിൽ 39. 080 മീറ്ററാണ് ജലനിരപ്പ്. പരമാവധി ജലനിരപ്പ് 44.61 ആണ്. സംഭരണശേഷിയുടെ 61.38 ശതമാനമാണ് നിലവിൽ അണക്കെട്ടിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. നിലവില് പെരുവണ്ണാമൂഴി ഡാമിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. അതേസമയം, ഏറാമലക്കടുത്ത് ഒന്നര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചത് സങ്കടകരമായി. ജില്ലയിൽ പലയിടങ്ങളിലും െവള്ളം ഒഴുകാതെ െകട്ടിക്കിടക്കുന്നതും ചെറിയ മഴ പെയ്യുേമ്പാൾ വൻദുരിതത്തിന് കാരണമാകുന്നുണ്ട്.
കൊയിലാണ്ടി താലൂക്കിൽ നിലവിൽ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജിൽ കൽപത്തൂർ ദേശത്ത് മലയിൽ ചാലിൽ സുരേഷിന്റെ വീടിന് ഇടിമിന്നലിൽ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് 28,500 രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് വില്ലേജിൽ മണ്ണെകാട്ട് മാർക്കോസിെൻറ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുണ്ട്. വടകരയിൽ രണ്ടും െകായിലാണ്ടിയും ഏഴും വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോഴിക്കോട്, താമരശ്ശേരി, വടകര താലൂക്കുകളിൽ കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തഹസിൽദാർമാർ അറിയിച്ചു.
ഒരാഴ്ച; കർഷകർക്ക് നഷ്ടം പത്തു കോടി
കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴ കർഷകരെ കണ്ണീരിലാഴ്ത്തി. 360. 46 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് വെള്ളം കയറിയും കാറ്റിലുമായി നശിച്ചത്. പത്തു കോടിയോളം രൂപയുടെ നഷ്ടമുണ്ട്. ഈ മാസം എട്ടു മുതൽ 15 വരെയുള്ള കണക്കുകളാണിത്. 2,045 കർഷകരെയാണ് മഴക്കെടുതി നേരിട്ടു ബാധിച്ചത്. വാഴ കർഷകരെയാണ് മഴ കൂടുതൽ ബാധിച്ചത്. 21,935 കുലച്ച വാഴകളും 1,93,750 കുലയ്ക്കാത്ത വാഴകളും 2. 2 ഹെക്ടർ ഭൂമിയിലെ മറ്റു പച്ചക്കറി കൃഷിയും നശിച്ചു. മുക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളിലാണ് കൂടുതൽ നാശം. 503 കർഷകരുടെ 7.45 കോടി രൂപയുടെ വിളകളാണ് നശിച്ചത്. റബർ, തേങ്ങ, നെല്ല്, കുരുമുളക്, കപ്പ, ഇഞ്ചി, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയ വിളകളെയും മഴ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.