കാലാവസ്ഥ പ്രവചിക്കാൻ സ്കൂളുകളും; പ്രവർത്തനസജ്ജമായി 16 വെതർ സ്റ്റേഷനുകൾ
text_fieldsകോഴിക്കോട്: കാലാവസ്ഥ പ്രവചനത്തിന് ഒരുങ്ങി ജില്ലയിലെ 16 സ്കൂളുകൾ. പ്രകൃതിദുരന്തങ്ങളുടെ സാധ്യത നിരീക്ഷിക്കാനും പഠിക്കാനും വിദ്യാർഥികളെക്കൂടി പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം ആരംഭിച്ച കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതി ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ പ്രവർത്തനമാരംഭിച്ചു.
ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സമഗ്രശിക്ഷ കേരളം കാലാവസ്ഥ നിലയങ്ങൾ ആരംഭിക്കുന്നത്. ഇതിൽ 16 സ്കൂളുകളിലും പദ്ധതി പൂർത്തിയായി. ഇതിനായി അധ്യാപകർക്കും വിദ്യാർഥികൾക്കും ഈ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ഓരോ സ്കൂളിനും ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
മഴയുടെ തോതളക്കാൻ ഉപയോഗിക്കുന്ന മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കുന്നതിന് കപ്പ് കൗണ്ടർ, അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്കിടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നതിനുള്ള മാക്സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ സ്റ്റീവൻസൺ സ്ക്രീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് വെതർ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ തന്നെയാണ് ഇവ. സമഗ്രശിക്ഷ കേരളത്തിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികൾ തന്നെയാണ് നിരീക്ഷണം രേഖപ്പെടുത്തുന്നത്.
ഈ പദ്ധതിയിലൂടെ പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനപ്പുറം കാലാവസ്ഥ നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്ന് മോഡൽ സ്കൂൾ ഭൂമിശാസ്ത്രം അധ്യാപകൻ ജഗൽകുമാർ പറഞ്ഞു. കാലാവസ്ഥ നിരീക്ഷണത്തിനും പ്രാദേശികതലത്തിൽത്തന്നെ ദുരന്തമുന്നറിയിപ്പുകൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഇത് വിദ്യാർഥികളെ സഹായിക്കും.
രാജ്യത്ത് ആദ്യമായാണ് സ്കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിദ്യാലയങ്ങളില്‍ ഭൂമിശാസ്ത്രം മുഖ്യവിഷയമായുള്ള 240 കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
ക്ലാസുകളിലെ ഭൂമിശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് വെതര്‍ സ്റ്റേഷനുകളെ കണക്കാക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് , കേരള ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്.
ചാലപ്പുറം, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട്, കുണ്ടുപറമ്പ്, കുറ്റ്യാടി, മടപ്പള്ളി, മാവൂർ, വെള്ളിയോട്, പറമ്പിൽ, നടുവണ്ണൂർ, കുറ്റിക്കാട്ടൂർ, മേപ്പയൂർ, കായണ്ണ, വളയം ഹയർ സെക്കൻഡറികളിലും ജെ.എൻ.എം.എച്ച്.എസ്.എസ് പുതുപ്പണം, അത്തോളി, മടപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലുമാണ് കാലാവസ്ഥ നിലയങ്ങൾ നിലവിൽവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.