കടലാക്രമണവും രൂക്ഷമായി തുടരുന്നു; 33 വീടുകൾക്ക് ഭാഗികനാശം
text_fieldsകോഴിക്കോട്: ജില്ലയിൽ കനത്ത മഴയിലും കാറ്റിലും 19 പഞ്ചായത്തുകളിലായി 33 വീടുകൾ ഭാഗികമായി തകർന്നതായി ജില്ല ദുരന്തനിവാരണ സെൽ അറിയിച്ചു. കൂടാതെ, തിരുവള്ളൂർ പഞ്ചായത്തിലെ ഉണിച്ചാറക്കണ്ടി പാത്തുവിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43.12 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കോവൂരിൽ കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. ആർക്കും പരിക്കില്ല. മൊടക്കല്ലൂരിൽ കുറ്റിയേടത്തറോൽ രവീന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. ചെറുവണ്ണൂർ പഞ്ചായത്തിലെ നല്ലളത്ത് കീഴ് വനപറമ്പ് കുമ്മാളി വീട്ടിൽ ബീക്കുട്ടിയുടെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂരക്ക് ഭാഗികമായി കേട് പറ്റി. കരുവൻതിരുത്തി പഞ്ചായത്തിലെ പൂത്തോളത്തിൽ കിളിയാടി വേലായുധന്റെ വീടിനു മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു.
കുമാരനല്ലൂർ പഞ്ചായത്തിൽ തോട്ടക്കാടിന് സമീപം നെല്ലായി മാണിയുടെ വീടിന് മുകളിൽ മരം വീണ് നാശം സംഭവിച്ചു. ശക്തമായ മഴയിൽ പെരിങ്ങളം കുനിപൊയിലിൽ ചന്ദ്രന്റെ വീടിന്റെ ഒരു ഭാഗം തകർന്നു.
കടലുണ്ടി വില്ലേജ് വാർഡ് 20 ലെ 62ാം നമ്പർ വീടും വാർഡ് പതിനൊന്നിലെ 60ാം നമ്പർ വീടും തെങ്ങ് വീണ് ഭാഗികമായി തകർന്നു. കാലപ്പഴക്കമുള്ളതിനാൽ നിലവിൽ ഇരുവീടുകളും താമസയോഗ്യമല്ല. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ഇരുവീട്ടുകാരോടും മാറിത്താമസിക്കാൻ നിർദേശിച്ചു. പന്നിക്കോട്ടൂർ കുന്നുമ്മൽ അബ്ദുറഹ്മാന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. അണ്ടോണ കായ്ക്കൽ ജാനകിയുടെ വീട് ശക്തമായ മഴയിൽ ഭാഗികമായി തകർന്നു. രാരോത്ത് പഞ്ചായത്തിലെ പനൻതോട്ടത്തിൽ സുബൈറിന്റെ വീടിനു മുകളിൽ മരം വീണ് ഭാഗിക നാശമുണ്ടായി.
പുതുപ്പാടി പഞ്ചായത്തിലെ മമ്മുണ്ണിപടി നബീസയുടെ വീടിനും ഭാഗിക നാശം സംഭവിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ കുളതനയത് കെ.ജി. ശോഭന, പുതുപ്പാടി ആയിഷ മുഹമ്മദ് എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. മണിയൂരിൽ നടക്കേണ്ടവിട്ട ശാന്തയുടെ വീടിനു മുകളിൽ തെങ്ങ് വീണു ഭാഗിക നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ ഏറാമല വില്ലേജിൽ സുനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരക്കും കേടുപാടുകൾ സംഭവിച്ചു.
തൂണേരി പഞ്ചായത്തിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ രാമച്ചം വീട്ടിൽ രാജന്റെ വീടിനു മുകളിൽ മരം വീണു. വാണിമേൽ പഞ്ചായത്തിൽ വെള്ളിയോട് ദേശത്ത് വെള്ളിയത്ത് പുഷ്പയുടെ വീടിനു മുകളിൽ തേക്ക് മര൦ വീണു. മാവൂർ പഞ്ചായത്തിലെ കച്ചേരിക്കുന്നിൽ ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി.
ജില്ലയിൽ വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനകേന്ദ്രത്തിന്റെ അറിയിപ്പ് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.