ഇരുട്ടിയാൽ ബസില്ല; പെരുവഴിയിൽ കുടുങ്ങി യാത്രക്കാർ
text_fieldsകോഴിക്കോട്: നേരം ഇരുട്ടിയാൽ നഗരത്തിൽനിന്ന് ഗ്രാമങ്ങളിലേക്ക് ബസ് സർവിസുകൾ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കിട്ടുന്ന വാഹനങ്ങളിൽ വാതിലിൽ തൂങ്ങിപ്പിടിച്ചും മുകളിൽ കയറിപ്പറ്റിയും യാത്രചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാർ. വൈകീട്ട് ഏഴ് കഴിഞ്ഞാൽ ഗ്രാമങ്ങളിലേക്കും ഉൾനാടുകളിലേക്കും പൊതുഗതാഗത സംവിധാനം ഇല്ല. കോവിഡിന് മുമ്പ് രാത്രി 10നും 11നും ഇടയിൽ നഗരത്തിൽനിന്ന് ഗ്രാമങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഉണ്ടായിരുന്നു. എന്നാൽ, ലോക്ഡൗണിൽ നിർത്തിയ വാഹനങ്ങൾ നിയന്ത്രണങ്ങളെല്ലാം മാറി ജനജീവിതം സാധാരണ ഗതിയിലേക്ക് മാറി ഒരുവർഷം കഴിഞ്ഞിട്ടും രാത്രി കാലങ്ങളിലെ പൊതുഗതാഗതം പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി സർവിസുകൾ റദ്ദാക്കിയതും ദുരിതം വർധിപ്പിക്കുന്നു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും ജോലികഴിഞ്ഞ് മടങ്ങുന്നവരും രാത്രി ട്രെയിനിൽ വന്ന് ഇറങ്ങുന്നവരും പ്രതിസന്ധിയിലാണ്. ഇത്തരത്തിൽ നഗരത്തിൽ കുടുങ്ങുന്നവർ മൂന്നും നാലും പേർ ചേർന്ന് ഓട്ടോയും മറ്റ് ടാക്സികളും വിളിച്ചാണ് വീടണയുന്നത്. ഇങ്ങനെ യാത്രചെയ്യുമ്പോൾ ഓരോരുത്തർക്കും 200ന് മുകളിൽ ചെലവ് വരും. ഓട്ടോയിൽ നാലുപേരെ കയറ്റണമെങ്കിൽ ഡ്രൈവർമാർ കൂടുതൽ പണം ഈടാക്കുകയും ചെയ്യും.
നഗരത്തിൽനിന്ന് ബാലുശ്ശേരി, കിനാലൂർ, കക്കയം, കൂരാച്ചുണ്ട്, നരിക്കുനി, എളേറ്റിൽ, പൂനൂർ, പയിമ്പ്ര, കുരുവട്ടൂർ, ചെറുവറ്റ, മാവൂർ, മുക്കം, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലുള്ളവരെല്ലാം സന്ധ്യയായാൽ പൊതുഗതാഗത സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല, നഗരപരിധിയിലൂടെയുള്ള സിറ്റി ബസുകളും രാത്രി ഏഴു മണിയോടെ സർവിസ് നിർത്തും. ഇതുകാരണം എങ്ങനെയെങ്കിലും കിട്ടുന്ന ബസില് കയറിപ്പറ്റാനുള്ള തത്രപ്പാടിലായിരിക്കും യാത്രക്കാർ. കലക്ഷൻ കുറവാണ് എന്ന് പറഞ്ഞാണ് പല ബസുകളും ട്രിപ് റദ്ദാക്കുന്നത്. രാത്രി വൈകിയോടുന്ന ബസുകളിലേക്ക് ജീവനക്കാരെ ലഭിക്കുന്നില്ലെന്നും ഉടമകൾ പറയുന്നു.
ബസ് കുറവായതിനാൽ രാത്രി 10 കഴിഞ്ഞാൽ താമരശ്ശേരി അടിവാരം വരെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഡോർ സ്റ്റെപ്പിൽ വരെ ആളുകൾ നിന്ന് യാത്രചെയ്യുന്നത് പതിവുകാഴ്ചയാണ്. മാത്രമല്ല, എം.വി.ഐമാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഇത്തരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.