തിരുവള്ളൂരിൽ വ്യാപാരിക്ക് കുത്തേറ്റു; പ്രതിഷേധം
text_fieldsതിരുവള്ളൂർ: തിരുവള്ളൂർ അൽമദീന ട്രേഡേഴ്സ് ഉടമക്ക് കുത്തേറ്റ സംഭവത്തിൽ വ്യാപക പ്രതിഷേധം. പലചരക്കു വ്യാപാരിയായ കെ.ടി. വാഹിദിനാണ് വ്യാഴാഴ്ച രാത്രി കുത്തേറ്റത്. വയറിനു കുത്തേറ്റനിലയിൽ കെ.ടി. വാഹിദിനെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ കച്ചവടക്കാരായ രണ്ടു വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക തർക്കം ചർച്ചചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ വ്യക്തിപരമായും മഹല്ല് കമ്മിറ്റിയെയും ആക്ഷേപിച്ചും സംസാരിച്ച ആൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ഇയാൾ മാപ്പുപറഞ്ഞ് യോഗം പിരിഞ്ഞുപോയ ശേഷം കടയടച്ച് വീട്ടിലേക്ക് പോകുന്നവഴിയാണ് വാഹിദിനു കുത്തേറ്റതെന്ന് പറയപ്പെടുന്നു. വാഹിദിന്റെ പരാതിയിൽ ഐ.എൻ.എൽ പ്രവർത്തകൻ തിരുവള്ളൂർ സ്വദേശി നാറാണത്ത് മുഹമ്മദിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വധശ്രമത്തിൽ വ്യാപാരി വ്യവസായി തിരുവള്ളൂർ യൂനിറ്റ് പ്രതിഷേധിച്ചു. മുസ്തഫ കളേഴ്സ് അധ്യക്ഷത വഹിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു.
യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും ഐ.എൻ.എൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.കെ. മുഹമ്മദ്, വി.കെ. അബ്ദുറസാഖ്, അഷ്റഫ് വള്ളിയാട്, കരീം പിലാക്കി, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി, പി.കെ. അഷ്റഫ്, സാജിദ് മുണ്ട്യാട്ട് എൻ.കെ. ലത്തീഫ്, സലീം പി.കെ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.