കോവിഡ് മരണം; ചികിത്സയിൽ വീഴ്ചയെന്ന പരാതി; നിഷേധിച്ച് ആശുപത്രി
text_fieldsഉള്ള്യേരി: അത്തോളി കുടക്കല്ലിലെ ഉണിക്കോരൻകണ്ടി പ്രകാശെൻറ ഭാര്യ ശ്രീജ (49) കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. സെപ്റ്റംബർ 24നാണ് ഇവരെ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഇവർ അഞ്ചു വർഷത്തോളമായി വൃക്കരോഗത്തിന് ഇഖ്‌റ ആശുപത്രിയിൽ ചികിത്സതേടുന്നു.
നില വഷളായപ്പോൾ ഇഖ്‌റയിലേക്കു മാറ്റാൻ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്നും ഒമ്പതുദിവസം ഐ.സി.യുവിൽ കിടത്തുകയും ഇതിനിടെ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ശ്രീജയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്നും ഭർത്താവ് പ്രകാശൻ പറഞ്ഞു. രണ്ടാം തീയതി ഇവർ മരിച്ചു. ആശുപത്രിയിലെ ഐ.സി.യുവിൽ വെച്ചാണ് ഇവർക്ക് കോവിഡ് വന്നതെന്നും ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നും കാണിച്ചാണ് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ഉണ്ടായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മകൾ അമൃത പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് ഇവരുടെ ക്രിയാറ്റിൻ ഉയർന്ന അളവിലായിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കിയിരുന്നു. ഇഖ്‌റയിലേക്കു പോകണമെങ്കിൽ സമ്മതപത്രം എഴുതിനൽകിയാൽ രോഗിയെ കൊണ്ടുപോകാമെന്നാണ് പറഞ്ഞത്. അതിന് ബന്ധുക്കൾ തയാറായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്ന വിവരം ഭർത്താവിനെ അറിയിച്ചിരുന്നുവെന്നും മാനേജർ സനീഷ് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.