ഇഗ്നോ യാഥാർഥ്യമായില്ല; മണിയൂർ ഗ്രാമപഞ്ചായത്ത് ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി
text_fieldsവടകര: മണിയൂർ പഞ്ചായത്തിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി കാമ്പസ് യാഥാർഥ്യമായില്ല. ഗ്രാമപഞ്ചായത്ത് നൽകിയ ഭൂമി തിരിച്ചു ലഭിക്കാൻ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ഭരണസമിതി പ്രമേയം പാസാക്കി കെ. മുരളീധരൻ എം.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷറഫ് നിവേദനം നൽകി.
മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്താവേണ്ട ഇഗ്നോ റീജനൽ സെൻറർ സ്ഥാപിക്കുന്നതിന് 2010ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയായിരിക്കെയാണ് പഞ്ചായത്ത് കളരിക്കുന്നിൽ രണ്ടു ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയത്. വടകരയിൽ നടത്തിയ വിഷൻ 2025 െൻറ ഭാഗമായാണ് ഇഗ്നോ സെൻറർ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. എന്നാൽ, നാളിതുവരെയായിട്ടും കാമ്പസ് ആരംഭിക്കാനുള്ള ഒരു നടപടിയും ഇഗ്നോ സ്വീകരിച്ചില്ല.
ചുറ്റുമതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ഇവിടെ നടന്നില്ല. കാടുമൂടിക്കിടന്ന സ്ഥലം നിലവിൽ വന്യ ജീവികളുടെ വിഹാരകേന്ദ്രമായി മാറി. 1500 വിദ്യാർഥികൾക്ക് താമസിക്കാനും ക്ലാസുകൾ നടത്താനും ആവശ്യമായ കെട്ടിടം താൽക്കാലികമായി കണ്ടെത്താനുള്ള ശ്രമവും നടന്നു. മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രകൃതിക്ഷോഭങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നീക്കിവെച്ച സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം ഇതിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. മണിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി കലക്ടറുടെ അനുമതിയോടെ കെട്ടിടം വിട്ടുകൊടുത്തു. പിന്നീട് സെൻറർ വടകര അടക്കാതെരുവിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി.
ദേശീയപാത വികസനത്തിെൻറ ഭാഗമായി സെൻറർ ഇവിടെ നിന്നും വീണ്ടും മാറ്റി നിലവിൽ പുത്തൂർ കെ.എസ് ഇ.ബിക്ക് സമീപത്തുള്ള ക്വാർട്ടേഴ്സിലാണ് പ്രവർത്തിക്കുന്നത്. ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകളിലായി നിരവധി വിദ്യാർഥികൾ സെൻററിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്നുണ്ട്.
റീജനൽ ഡയറക്ടറും അസി.രജിസ്ട്രാറും ഉൾപ്പെടെ 15 ലേറെ ജീവനക്കാരും ഇഗ്നോയുടെ വടകര സെൻററിൽ ജോലിചെയ്യുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലം സൗജന്യമായി ലഭിച്ചിട്ടും സ്വന്തമായി കെട്ടിടം നിർമിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
മണിയൂർ പഞ്ചായത്തിലെ ഒട്ടേറേ പദ്ധതികൾക്കായി നിലവിൽ ഭൂമി ആവശ്യമുണ്ട്. എം.സി.എഫ് കേന്ദ്രം, ഹരിത കർമസേനക്ക് തൊഴിൽ യൂനിറ്റ്, ജലജീവൻ പദ്ധതിക്ക് വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതുൾപ്പെടെ ഒന്നര ഏക്കറിലേറെ ഭൂമി ആവശ്യമായ വിവിധ പദ്ധതികൾ പഞ്ചായത്തിെൻറ പരിഗണനയിലുണ്ട്. ആയതിനാൽ ഈ ഭൂമി എത്രയും പെട്ടെന്ന് തിരികെ ലഭിക്കണമെന്നാണ് പഞ്ചായത്തിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.