ദേശീയപാത വികസനം; കെട്ടിട ഉടമകൾ കൊള്ളലാഭം കൊയ്യുന്നു
text_fieldsവടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാരികൾ പെരു വഴിയിലിറങ്ങുമ്പോൾ കെട്ടിട ഉടമകൾ കൊള്ള ലാഭം കൊയ്യുന്നു. കാലങ്ങളായി ദേശീയപാതയോരത്ത് നടത്തിവരുന്ന സ്വന്തം സ്ഥാപനങ്ങൾ വിട്ടൊഴിയുന്ന കച്ചവടക്കാർക്ക് ഇരുട്ടടിയാവുകയാണ് പുതിയ കെട്ടിടങ്ങളുടെ അഡ്വാൻസ് തുകയും വാടകയും. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് കടകൾക്ക് അഡ്വാൻസ് ആയി കെട്ടിട ഉടമകൾ ചോദിക്കുന്നത്.
നഗരത്തിൽ പലയിടങ്ങളിലും മോഹവില രീതിയിലാണ് മാസവാടകയും നിശ്ചയിക്കുന്നത്. 2000ലധികം കച്ചവടക്കാർ ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്കപ്പെടുമ്പോൾ പലരും പുതിയ കെട്ടിടങ്ങൾക്കായി നെട്ടോട്ടമാണ് ഇതു മുതലെടുത്താണ് വൻ തുക അഡ്വാൻസ് ആയും വാടകയായും വർധിപ്പിച്ചത്. കെട്ടിടങ്ങൾ വാടകക്ക് വാങ്ങി നൽകാൻ ഇടനിലക്കാരും സജീവമാണ്. അതുകൊണ്ടു തന്നെ കെട്ടിടങ്ങൾ ലഭിക്കാൻ പല വിധത്തിലുള്ള വിലയാണ് ഈടാക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ദേശീയ പാതയോരത്ത് പുതുതായി കെട്ടിടം നിർമിച്ചവർ ഇത്തരത്തിൽ ലാഭം കൊയ്യുന്നത്.
രണ്ടാം നിലയിൽ അഞ്ചുലക്ഷത്തിൽ മുകളിലേക്കും താഴെ നിലകളിലാണെങ്കിൽ പതിനഞ്ചു ലക്ഷം രൂപ വരേയ്ക്കും എത്തും. മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ അഞ്ചു മാസത്തെ വാടക മുൻകൂറായി നൽകിയാൽ കടമുറികൾ ലഭിക്കുമെങ്കിലും സംസ്ഥാനത്തെവിടെയും ഇല്ലാത്ത ന്യായമാണിവിടെ എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. പാത വികസനത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭിക്കാതെ പലരും ചിട്ടിയും, സ്ഥലം ഈടുവെച്ചും, ലോൺ തരപ്പെടുത്തിയും കടമുറികൾ തേടിയെത്തുമ്പോൾ ഭീമമായ തുക കേട്ട് പിന്നോട്ടടിക്കുകയാണ്. നിലവിൽ കെട്ടിട നികുതിയും ഉടമകൾ കച്ചവടം ചെയ്യുന്ന വ്യാപാരികളെ കൊണ്ടാണ് അടപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയും കനത്ത മഴയിൽ നഗരത്തിൽ വെള്ളം കയറി ഉണ്ടായ നാശനഷ്ടവും ഉൾപ്പെടെ പ്രതിസന്ധിയുടെ ചുഴിയിൽ അകപ്പെട്ട വടകരയിലെ വ്യാപരികൾക്ക് ന്യായ വില നിശ്ചയിച്ചു മുറികൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.