Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 8:02 PM GMT Updated On
date_range 13 Aug 2022 8:02 PM GMTകശ്മീർ പരാമർശം: വിശദീകരണം ഏശിയില്ല, വരികൾ പിൻവലിച്ച് കെ.ടി. ജലീൽ
text_fieldsbookmark_border
ജലീലിനെ തള്ളി മന്ത്രി എം.വി. ഗോവിന്ദൻ മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചു. പരാമർശത്തെ മന്ത്രി എം.വി. ഗോവിന്ദൻ തള്ളിപ്പറയുകയും അഭിഭാഷകനായ ജി.എസ്. മണി ഡൽഹി പൊലീസിൽ പരാതി നൽകുകയും ബി.ജെ.പിയും സംഘ്പരിവാറും രംഗത്തെത്തുകയും ചെയ്തതോടെ പുലിവാല് പിടിച്ച ജലീൽ വിവാദവരികൾ പിൻവലിച്ചതായി ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. നിയമസഭ പ്രവാസി ക്ഷേമ സമിതി അംഗമെന്ന നിലയിൽ നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ച് വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദ പരാമർശം നടത്തിയത്. ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങുന്ന മേഖലയെ 'ഇന്ത്യൻ അധീന കശ്മീരെ'ന്നും പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീർ' എന്നുമാണ് വിശേഷിപ്പിച്ചത്. ഇത് വിവാദമായതോടെ വിശദീകരണമായി പോസ്റ്റിന്‍റെ അവസാനം 'വാൽക്കഷ്ണം: 'ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കാശ്മീർ' എന്നെഴുതിയാൽ അതിന്‍റെ അർഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം' എന്ന് ചേർക്കുകയായിരുന്നു. പോസ്റ്റിലെ 'ആസാദ് കശ്മീർ' വിവാദത്തിൽ വിശദീകരണം നൽകിയ ജലീൽ പക്ഷേ, 'ഇന്ത്യൻ അധീന കശ്മീർ' പരാമർശത്തെക്കുറിച്ച് മൗനം പാലിച്ചു. ഒടുവിൽ, കശ്മീർ യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടയാക്കിയതായും താനുദ്ദേശിച്ചതിന് വിരുദ്ധമായി അവ ദുർവ്യാഖ്യാനം ചെയ്തതായും കുറിപ്പിലെ വരികൾ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായും അറിയിച്ച് ജലീൽ പോസ്റ്റിടുകയായിരുന്നു. വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രിമാരായ പ്രൾഹാദ് ജോഷി, വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story