Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:09 AM GMT Updated On
date_range 10 May 2022 12:09 AM GMTകാത്തിരിപ്പിനൊടുവിൽ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന് ടെൻഡറായി
text_fieldsbookmark_border
വെളിയങ്കോട്: കാലങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്കും കാത്തിരിപ്പിനുമൊടുവിൽ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർഥ്യത്തിലേക്ക്. ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കൽ വർക്കിനുമായി 29.87 കോടിക്കാണ് ടെൻഡറായത്. നബാർഡിന്റെ 28.37 കോടിയും ബാക്കി സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുക. കാസർകോട് എം.എസ് ബിൽഡേഴ്സിനാണ് നിർമാണ ചുമതല. ഗതാഗത സൗകര്യത്തോടൊപ്പം വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ എന്നീ ആറ് പഞ്ചായത്തിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭയിലെയും കുടിവെള്ളത്തിനും കാർഷികമേഖലക്കും ഗുണകരമാവുന്നതാണ് പദ്ധതി. കനോലി കനാൽ ദേശീയ ജലപാതയായതിനാൽ 30 മീറ്റർ മുന്നിൽകണ്ടുള്ള നിർമാണമാണ് നടത്തുക. നാലര മീറ്റർ വീതിയിൽ ഒറ്റവരി പാലമാണ് നിർമിക്കുന്നത്. 25 മീറ്ററാണ് നീളം. 70 മീറ്ററോളം അടിയിൽനിന്നാണ് ഫൗണ്ടേഷൻ വർക്കുകൾ ആരംഭിക്കുക. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കും. അപ്രോച്ച് റോഡിന് 14.1 കോടിയുടെ ഭരണാനുമതിയായി. പാലത്തിന്‍റെ ഇരുഭാഗത്തും 100 മീറ്റർ അപ്രോച്ച് റോഡും സൈഡ് സുരക്ഷയും ലോക്കിന്‍റെ മെക്കാനിക്കൽ വർക്കുകൾക്കുമായി 14.1 കോടിയും അനുവദിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമായാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ചെറിയ വള്ളങ്ങൾക്ക് പോവാൻ ഡൈവർട്ടിങ് കനാൽ നിർമിക്കും. ഏതുസമയവും ചെറിയ വള്ളങ്ങൾ പോവുന്നതിനാൽ ലോക്ക് തുറക്കേണ്ട സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ട് മുന്നിൽ കണ്ട് ലോക്ക് കം ബ്രിഡ്ജിനോട് സമാന്തരമായാണ് നൂറ് മീറ്ററിലധികം നീളത്തിൽ ഡൈവർട്ടിങ് കനാൽ നിർമിക്കുന്നത്. ഇതിന്‍റെ സർവേ പൂർത്തിയാക്കി സ്ഥലം ഏറ്റെടുത്തായിരിക്കും കനാൽ നിർമിക്കുക. പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ അടിയിലൂടെയായിരിക്കും ഇത് കടന്നുപോവുക. അതിനാൽ അപ്രോച്ച് റോഡിനടിയിൽ അഞ്ച് മീറ്റർ വീതിയിൽ ലോക്കോടുകൂടിയ ബോക്സ് കൽവെർട്ട് നിർമിക്കും. അപ്രോച്ച് റോഡിനും കൽവെർട്ടിനുമായി 14.1 കോടിയുടെ എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. നേരത്തേ മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തീകരിച്ചിരുന്നെങ്കിലും ഡിസൈനിൽ മാറ്റം വരുത്തിയതോടെ പദ്ധതി നീളുകയായിരുന്നു. പുറങ്ങ് മുതൽ ചേറ്റുവ വരെ 30 കി.മീറ്ററിലധികം പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ളവും കൃഷിയും നശിക്കുന്നത് തടയാൻ ബ്രിട്ടീഷുകാരുടെ കാലത്ത് ഷട്ടറുകൾ നിർമിച്ചിരുന്നു. ഇവ കേടുവന്നതിനെത്തുടർന്ന് 1984ൽ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും യാഥാർഥ്യമായില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഒട്ടേറെ നിവേദനങ്ങൾ അധികൃതർക്ക് സമർപ്പിക്കുകയും സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. MP PNN 1 പഴയ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story