ടോക്കൺ എടുത്തവർ പോലും നിരാശരായി മടങ്ങുന്നു; മലപ്പുറത്ത് വാക്സിൻ വിതരണത്തിൽ താളപ്പിഴ
text_fieldsമലപ്പുറം: ജില്ലയിൽ കോവിഡ് വാക്സിൻ വിതരണത്തിൽ താളപ്പിഴകൾ തുടരുന്നു. ജില്ല ഭരണകൂടം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകുന്ന കണക്കുകൾക്ക് അനുസരിച്ച് വാക്സിൻ എത്തിക്കാനാവാത്തതാണ് മിക്കയിടത്തും പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ചില കേന്ദ്രങ്ങളിൽ ടോക്കൺ എടുത്തവർ പോലും ലഭിക്കാതെ മടങ്ങുന്നു.
ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും തമ്മിലുള്ള ആശയവിനിമയ പ്രശ്നമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തിങ്കളാഴ്ച 60,000ത്തോളം പേർക്ക് വാക്സിൻ വിതരണം ചെയ്തു. തദ്ദേശ സ്ഥാപന പ്രതിനിധികൾ വാക്സിൻ വിതരണമുണ്ടെന്ന് ജനങ്ങൾക്ക് അറിയിപ്പ് കൊടുക്കും.
പിറ്റേന്ന് ജനങ്ങൾ വിതരണ കേന്ദ്രത്തിൽ എത്തി ടോക്കൺ എടുത്തപ്പോഴാണ് മതിയായ വാക്സിൻ ഇല്ലെന്ന വിവരം ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രാവിലെ ജോലിയും മറ്റും ഒഴിവാക്കി വിതരണേകന്ദ്രത്തിൽ എത്തുന്ന സാധാരണക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അടുത്ത ദിവസം മുൻഗണന നൽകാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചയക്കുന്നത്. ചിലയിടങ്ങളിൽ വാക്സിൻ ക്ഷാമം മൂലം വിതരണം ചെയ്തില്ല. ജില്ലയിൽ വളരെ കുറഞ്ഞ അളവിലാണ് വാക്സിൻ സ്റ്റോക്കുള്ളത്.
ടോക്കൺ 1000 പേർക്ക്, വിതരണം 282 പേർക്ക്
മലപ്പുറം താലൂക്ക് ആശുപത്രിക്ക് കീഴിൽ കാളമ്പാടിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 1000 പേർക്ക് ടോക്കൺ വിതരണം ചെയ്തു. 282 പേർക്കാണ് വാക്സിൻ നൽകിയത്. രാവിലെ ഒമ്പതരയോടെ ടോക്കൺ വിതരണം ചെയ്തു. എന്നാൽ, 10.30 ആയപ്പോൾ വൈകുമെന്ന് അറിയിച്ചു.
തുടർന്ന് 12.30ഓടെ വാക്സിൻ എത്തി. കീഴാറ്റൂർ പഞ്ചായത്തിൽ 16 വാർഡുകളിൽ ഓരോ വാർഡിൽനിന്നും 36 പേർ വീതം വാക്സിൻ സ്വീകരിക്കാൻ എത്തണമെന്ന് അറിയിച്ചു. എന്നാൽ, 10 -12 പേർക്കാണ് കിട്ടിയത്. പഞ്ചായത്ത് ഓഫിസിന് മുകളിലെ ഓഡിറ്റോറിയത്തിലും പി.എച്ച്.സിയിലുമായിരുന്നു വിതരണം. അടുത്ത ദിവസം പ്രഥമ പരിഗണന തിങ്കളാഴ്ച കിട്ടാത്തവർക്ക് നൽകുമെന്ന് പറഞ്ഞ് ടോക്കൺ നൽകി ഇവരെ പറഞ്ഞു വിടുകയായിരുന്നു.
മഞ്ചേരിയിലും പൊന്നാനിയിലും ലഭ്യതക്കുറവ്
മഞ്ചേരിയിൽ വാക്സിൻ ലഭ്യതക്കുറവ് കാരണം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച വിതരണം നടന്നില്ല. മെഗാ ക്യാമ്പിെൻറ ഭാഗമായി പുതുതായി ആരംഭിച്ച ടൗൺ ഹാളിലെ സെൻററിൽ 278 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. വാക്സിൻ കിട്ടുന്ന മുറക്ക് ഇനി വിതരണം തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആവശ്യത്തിന് ലഭിക്കാത്തതിനെ തുടർന്ന് പൊന്നാനിയിലെ വാക്സിൻ മെഗാ ക്യാമ്പിലെത്തിയവരും നിരാശയോടെ മടങ്ങി. ജില്ല ആരോഗ്യ വകുപ്പ് 4300 വാക്സിൻ തിങ്കളാഴ്ച നൽകാമെന്നാണ് അറിയിച്ചിരുന്നത്. ഇതിനനുസരിച്ച് നിലവിലെ രണ്ട് ക്യാമ്പുകൾക്ക് പുറമെ ആറ് കേന്ദ്രങ്ങളിലും വാക്സിൻ ക്യാമ്പൊരുക്കി. പൊന്നാനി ടി.ബി ആശുപത്രി, മാതൃ -ശിശു ആശുപത്രി, താലൂക്ക് ആശുപത്രി, പൊന്നാനി ടൗൺ അർബൻ ഹെൽത്ത് സെൻറർ, ബിയ്യം അർബൻ ഹെൽത്ത് സെൻറർ, ആർ.വി പാലസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയത്.
ഈ കേന്ദ്രങ്ങളിലേക്ക് വാക്സിൻ വിഭജിച്ച് നൽകുകയും പൊന്നാനി എം.ഇ.എസ് കോളജിലെ ക്യാമ്പിലേക്ക് ആയിരം എണ്ണം നൽകുകയും ചെയ്തു. ഇതിനിടെയാണ് ജില്ലയിൽ നിന്ന് 3000 വാക്സിൻ മാത്രം ലഭിച്ചത്. മറ്റു കേന്ദ്രങ്ങൾക്ക് വാക്സിൻ നൽകിയപ്പോൾ ബാക്കി 700 വാക്സിൻ മാത്രമാണ് മെഗാ വാക്സിൻ ക്യാമ്പ് നടന്ന ശാദി മഹലിൽ ലഭിച്ചത്. മെഗാ ക്യാമ്പിലെത്തിയവർക്ക് മറ്റൊരു ദിവസം നൽകാനാണ് അധികൃതരുടെ തീരുമാനം.
പൊന്നാനിയിലെ ക്യാമ്പിലെത്തിയവർ നിരാശയോടെ മടങ്ങി
പൊന്നാനി: ആരോഗ്യ വകുപ്പ് അധികൃതരുടെ ആശയക്കുഴപ്പം മൂലം ആവശ്യത്തിന് വാക്സിൻ ലഭിക്കാതിരുന്നതോടെ പൊന്നാനി ശാദി മഹലിലെ മെഗാ ക്യാമ്പ് മാറ്റി വെച്ചു. ടോക്കൺ ലഭിച്ച നൂറുകണക്കിനാളുകൾ കേന്ദ്രത്തിലെത്തിയെങ്കിലും വാക്സിനില്ലെന്നറിഞ്ഞതോടെ നിരാശരായി മടങ്ങി. ജില്ല ആരോഗ്യ വകുപ്പ് 4300 ഡോസ് വാക്സിൻ തിങ്കളാഴ്ച നൽകാമെന്നാണ് അറിയിച്ചിരുന്നത്. ഇതിനനുസരിച്ച് നിലവിലെ രണ്ട് ക്യാമ്പുകൾക്ക് പുറമെ ആറ് കേന്ദ്രങ്ങളിലും വാക്സിൻ ക്യാമ്പൊരുക്കി. പൊന്നാനി ടി.ബി ആശുപത്രി, മാതൃ ശിശു ആശുപത്രി, താലൂക്ക് ആശുപത്രി, പൊന്നാനി ടൗൺ അർബൻ ഹെൽത്ത് സെൻറർ, ബിയ്യം അർബൺ ഹെൽത്ത് സെൻറർ, ആർ.വി പാലസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയത്.
ഈ കേന്ദ്രങ്ങളിലേക്ക് വാക്സിൻ വിഭജിച്ച് നൽകുകയും പൊന്നാനി എം.ഇ.എസ് കോളജിലെ ക്യാമ്പിലേക്ക് 1000 വാക്സിൻ നൽകുകയും ചെയ്തു. ഇതിനിടെയാണ് ജില്ലയിൽനിന്ന് 3000 വാക്സിൻ മാത്രം ലഭിച്ചത്. മറ്റു കേന്ദ്രങ്ങൾക്ക് വാക്സിൻ നൽകിയപ്പോൾ ബാക്കി 700 വാക്സിൻ മാത്രമാണ് ശാദി മഹലിലെ മെഗാ വാക്സിൻ കേന്ദ്രത്തിന് ലഭിച്ചത്. ദിവസവും 2000 വാക്സിൻ വിതരണം ചെയ്യുന്ന ക്യാമ്പിലേക്ക് 700 വാക്സിൻ മാത്രം ലഭിച്ചതോടെ രജിസ്റ്റർ ചെയ്ത 1300 പേർക്ക് വാക്സിൻ ലഭിക്കാതെ വന്നു.
ഇതോടെ മെഗാ ക്യാമ്പിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന ആവശ്യമുയർന്നു. ശാദി മഹലിലെ കുത്തിവെപ്പ് ക്യാമ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു. ജില്ലയിലെ മറ്റു പഞ്ചായത്തുകളിൽ കുത്തിവെപ്പ് കണക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലെ അപാകത മൂലമാണ് കൂടുതൽ വാക്സിൻ പൊന്നാനിക്ക് നൽകാൻ ജില്ല ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഈ ആശയക്കുഴപ്പം മൂലം വാക്സിനായി മണിക്കൂറുകളോളം വരി നിന്നവരാണ് നിരാശയോടെ മടങ്ങിയത്. അതേസമയം, പൊന്നാനി നഗരസഭയിലെ 37ാം വാർഡ് സമ്പൂർണ വാക്സിൻ വാർഡായി മാറി.
വളാഞ്ചേരിയിൽ 3300 പേർക്ക് വാക്സിൻ നൽകി
വളാഞ്ചേരി: എം.ഇ.എസ് യൂത്ത് വിങ്ങിെൻറ ആഭിമുഖ്യത്തിൽ എം.ഇ.എസ് മെഡിക്കൽ കോളജ്, വളാഞ്ചേരി നഗരസഭ, വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവരുടെ സഹകരണത്തിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിൽ മൂന്ന് ദിവസമായി നടത്തിയ സൗജന്യ കോവിഡ് വാക്സിനേഷൻ ഡ്രൈവ് സമാപിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 15,000 കോവിഡ് വാക്സിനുകളുടെ വിതരണം ലക്ഷ്യംവെച്ച് നടത്തിയ ഡ്രൈവിൽ വളാഞ്ചേരി കെ.വി.എം കോളജിലെ കേന്ദ്രത്തിൽ മാത്രം 3300ലധികം ആളുകൾക്ക് വാക്സിൻ നൽകി. 3077 പേർക്ക് കൊവിഷീൽഡ് വാക്സിനും, 237 പേർക്ക് കൊവാക്സിനുമാണ് നൽകിയത്.
ഓണനാളുകളിലെ അവധി ദിവസങ്ങളിലും വാക്സിൻ വിതരണം തടസ്സം കൂടാതെ നടത്താൻ സാധിച്ച പരിപാടിയിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ, നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എം.ഇ.എസ് ജില്ല പ്രസിഡൻറ് ഒ.സി. സലാഹുദ്ദീൻ, സെക്രട്ടറി കൈനിക്കര ഷാഫി ഹാജി, ഡോ. പി.എ. റഹീം ഫസൽ, പ്രിൻസിപ്പൽ ഡോ. സി. രാജേഷ് എന്നിവർ സംബസിച്ചു.
കൗൺസിലർ ഈസ നമ്പ്രത്ത്, ഷാജിദ് വളാഞ്ചേരി, പ്രോഗ്രാം കോഓഡിനേറ്റർ പി.ജെ. അമീൻ, പി.പി. ഹമീദ്, പി. മൊയ്തീൻ, ഹബീബ് പറമ്പയിൻ, ഡോ. ഫസലു റഹ്മാർ, കെ.പി. അഫ്നാസ്, ഷാജഹാൻ താജ്, എം.പി. മുനീർ, സജീദ്, പി. നൗഷാദ്, പ്രഫ. ടി. നിസാബ്, കെ.പി. സുബൈർ, കെ.പി. സാബു, ജിഷാർ, ബൈജു, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.