തിരൂർ ഗള്‍ഫ് മാര്‍ക്കറ്റില്‍ തീപിടിത്തം; ഒരു കോടിയുടെ നാശനഷ്ടം
text_fieldsതിരൂര്‍: തിരൂർ ഗള്‍ഫ് മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തിൽ പത്തോളം കടകൾക്ക് നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ ഗൾഫ് മാർക്കറ്റിലെ മൊബൈല്‍ കടകൾക്കാണ് തീപിടിത്തത്തിൽ നാശമുണ്ടായത്. മൂന്ന് കടകള്‍ പൂർണമായും ഏഴ് കടകള്‍ ഭാഗികമായും കത്തി നശിച്ചു. ഒരു കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി കച്ചവടക്കാര്‍ പറഞ്ഞു.
ഷോപ്പില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഗൾഫ് മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പി.വി. ജാഫര്‍ മറ്റു സെക്യൂരിറ്റി ജീവനക്കാരെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിരൂരില്‍ നിന്ന് മൂന്നും താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നും രണ്ടും വീതം അഗ്നിശമനസേന യൂനിറ്റുകളെത്തിയാണ് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്. അഗ്നിശമനസേന പൊന്നാനി സ്റ്റേഷന് ഓഫിസര്‍ ഫാഹിദ്, തിരൂര്‍ ഫയര്‍ സ്റ്റേഷന് അസിസ്റ്റന്റ് ഓഫീസര്‍ ഹംസ കോയ, താനൂര്‍ ഫയര്സ്റ്റേഷന് അസിസ്റ്റന്റ് ഓഫിസര്‍ ഷാജിമോന്‍, ഗള്‍ഫ് മാര്‍ക്കറ്റ് സെക്യൂരിറ്റി ജീവനക്കാരായ പി.വി. ജാഫര്‍, എ.വി. ഷാനവാസ്, കെ. സിദ്ദീഖ്, കെ. ജുനൈദ്, പ്രദീപ്, ഷാനവാസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
എമിറേറ്റ്സ് മൊബൈല്‍ ഷോപ്പ്, എക്സ് ഫൈവ് മൊബൈല്‍ ഷോപ്പ്, ജുനൈസ് മൊബൈല്‍ സ്റ്റോര്‍ എന്നീ കടകളാണ് പൂര്‍ണമായും കത്തി നശിച്ചത്. എമിറേറ്റ്സ് കടയിലെ മൊബൈല്‍ ഫോണുകളും കാമറകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെ കത്തി നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ നൗഷാദ് പറഞ്ഞു. മൊബൈല്‍ ലാന്‍ഡ്, ഫിക്സല്‍ മൊബൈല്‍, ടോപ്പപ്പ് മൊബൈല്‍, പി.പി. മൊബൈല്‍, മൊബൈല്‍ പോയിന്റ്, ത്രീ ജി മൊബൈല്‍ എന്നീ കടകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോണെടുത്താണ് തിരൂരിലെ മിക്ക മൊബൈല്കടകളും പ്രവര്‍ത്തിച്ചു വരുന്നത്.
ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായി ചൊവ്വാഴ്ച വൈകീട്ട് അടിയന്തരമായി ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന് യോഗം ചേര്‍ന്നു. സംഭവസ്ഥലം കുറുക്കോളി മൊയ്തീന് എം.എല്‍.എ, തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജില്ല വൈസ് പ്രസിഡന്റ് പി.എ. ബാവ, തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളായ പി.പി. അബ്ദുറഹിമാന്, പി.എ. റഷീദ്, സി. മമ്മി, സമദ് പ്ലസന്റ്, ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന് ഭാരവാഹികളായ അബ്ദുറഹിമാന് ഹാജി, കുഞ്ഞാവുഹാജി, അഷറഫ്, അലികുട്ടി മംഗലം, ഹംസ ഹാജി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വ്യാപാരി നേതാക്കൾ സന്ദർശിച്ചു
തിരൂർ: തിരൂർ ഗൾഫ് ബസാറിൽ തീപിടുത്തത്തിൽ കത്തി നശിച്ച സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി സമിതി നേതാക്കൾ സന്ദർശിച്ചു. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മൊബൈൽ ഷോപ്പ്, റഷീദിന്റെയും ജുനൈസിന്റെയും മൊബൈൽ കൗണ്ടറുകൾ എന്നിവയിലാണ് സംസ്ഥാന ക്ഷേമനിധി ബോർഡ് അംഗവും വ്യാപാരിസമിതി സംസ്ഥാന ട്രഷററും കൂടിയായ എസ്. ദിനേഷ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ. സെക്രട്ടറി സീനത്ത് ഇസ്മായിൽ എന്നിവർ സന്ദർശിച്ചത്.
കത്തിനശിച്ച കടയുടെ ഉടമസ്ഥർക്ക് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് എസ്. ദിനേഷ് പറഞ്ഞു. മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ല സെക്രട്ടറി റഫീഖ് മീനടത്തൂർ, സമിതി തിരൂർ ഏരിയ സെക്രട്ടറി കെ.കെ. ജാഫർ, എം.പി. സന്തോഷ്, ഹസ്സൻ ചക്കുങ്ങൽ, മജീദ് പയ്യേരി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.