കരിപ്പൂർ പഞ്ചായത്ത് രൂപവത്കരണം; പ്രമേയം പാസാക്കി പള്ളിക്കൽ പഞ്ചായത്ത്
text_fieldsപള്ളിക്കൽ: പൊതുജനങ്ങളുടെ ദീർഘകാല ആവശ്യമായ കരിപ്പൂർ പഞ്ചായത്ത് രൂപവത്കരണത്തിന് സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം. പഞ്ചായത്തംഗം ചെമ്പാൻ മുഹമ്മദാലിയാണ് പ്രമേയം അവതരിപ്പിച്ചത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും എത്താൻ കരിപ്പൂർ ഭാഗത്തുനിന്നും നേരിട്ട് ഒരു ബസ് സർവിസ് പോലുമില്ലെന്നിരിക്കെ കരിപ്പൂർ പഞ്ചായത്ത് രൂപവത്കരണത്തിന് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
26 ചതുരശ്ര കിലോമീറ്റർ വീസ്തീർണമുള്ള പള്ളിക്കൽ പഞ്ചായത്തിൽ 11.42 ചതുരശ്ര കിലോമീറ്റർ കരിപ്പൂർ ഭാഗവും 14.54 ചതുരശ്ര കിലോമീറ്റർ പള്ളിക്കൽ ഭാഗവുമാണ്. നിലവിൽ പഞ്ചായത്തിൽ 70,000ത്തിൽപരം ജനസംഖ്യയുണ്ട്. ഇതിൽ കരിപ്പൂരിൽ തന്നെ 30,000ത്തിൽ കൂടുതലുണ്ടാകും. പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെങ്കിൽ 25000 ജനസംഖ്യ മതി എന്നതാണ് നിയമമെന്നും പഞ്ചായത്തിന്റെ ഇപ്പോഴത്തെ ജനസാന്ദ്രത കൊണ്ട് പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ യഥാസമയത്ത് ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ഹെൽത്ത് സെന്റർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട സ്ഥാപനങ്ങളെല്ലാം പള്ളിക്കൽ മേഖലയിലാണ്. 1996ൽ പള്ളിക്കൽ പഞ്ചായത്ത് വിഭജിച്ച് കരിപ്പൂർ പഞ്ചായത്ത് രൂപവത്കരണത്തിന് ഉത്തരവി റക്കിയിരുന്നെങ്കിലും ലിസ്റ്റിലുള്ള മറ്റൊരു പഞ്ചായത്തിന്റെ അപാകത കാരണം ആ ലിസ്റ്റ് ഒട്ടാകെ റദ്ദാക്കിയെന്നും പിന്നീട് 2015ലും പള്ളിക്കൽ പഞ്ചായത്ത് വിഭജിച്ചു കരിപ്പൂർ പഞ്ചായത്ത് ഉത്തരവിറങ്ങിയെങ്കിലും കരിപ്പൂരിൽ പ്രത്യേക വില്ലേജില്ല എന്നത് തിരിച്ചടിയായി. എന്നാൽ, പഞ്ചായത്ത് വിഭജിക്കാതെ വാർഡുകൾ വർധിപ്പിച്ചത് കൊണ്ട് ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരമാവില്ലെന്നാണ് ഭരണസമിതി അംഗങ്ങളുടെ നിലപാട്. യോഗത്തിൽ പ്രസിഡന്റ് സി.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ. വിമല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.സി. ലത്തീഫ്, പഴേരി സുഹുറ, അമ്പലഞ്ചേരി സുഹൈബ്, മെംബർമാരായ കണ്ണനാരി നസീറ, കടക്കോട്ടിരി ആരിഫ ടീച്ചർ, ലത്തീഫ് കൂട്ടാലുങ്ങൽ, നിഷ സുബ്രഹ്മണ്യൻ, കെ.ഇ. ഹാജറ, പറമ്പൻ നീലകണ്ഠൻ, കെ.ഇ. സിറാജ്, സെക്രട്ടറി ശാമിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.