കെ-ഫോൺ: ബി.പി.എൽ പട്ടികയിൽ മലപ്പുറത്ത് 1600 പേർക്ക് കണക്ഷൻ
text_fieldsമലപ്പുറം: കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി വഴി ജില്ലയിൽ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട 1600 പേർക്ക് ആദ്യഘട്ടം കണക്ഷൻ ലഭിക്കും. ഇതിനുള്ള നടപടി ഉടൻ ആരംഭിക്കും. പദ്ധതിക്ക് അനുയോജ്യരുടെ പ്രാഥമിക പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് ക്രോഡീകരിച്ച് സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്(കെ.എസ്.ഐ.ടി.ഐ.എൽ) കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 7500 പേരുടെ പട്ടികയാണ് നൽകിയത്. ഇതിൽ ജില്ലയിലേക്കുള്ള പട്ടിക ക്രോഡീകരണം പൂർത്തിയായാൽ കണക്ഷൻ നടപടികളിലേക്ക് കടക്കും. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലായിട്ടാണ് ഇത്രയും പേർക്ക് കണക്ഷൻ കിട്ടുക. ഒരു മണ്ഡലത്തിലേക്ക് 100 പേർക്കാണ് ആദ്യഘട്ടം നൽകുന്നത്. തദ്ദേശ വകുപ്പുതന്നെയാണ് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടതും സ്കൂൾ വിദ്യാർഥികൾ ഉള്ളതുമായ പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യം പരിഗണന ലഭിക്കുക. അതിനുശേഷം പട്ടികജാതി കുടുംബങ്ങൾക്കും പരിഗണന ലഭിക്കും.
പദ്ധതി ലഭ്യമായാൽ ഓരോ ഗുണഭോക്താവിനും 1.5 ജി.ബി ഡേറ്റ സൗജന്യമായി ലഭിക്കും. അതിന് മുകളിൽ ഡേറ്റ ഉപയോഗം സംബന്ധിച്ച് സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. നിലവിൽ 20 എം.ബി പെർ സെക്കൻഡ് എന്ന തരത്തിലാണ് ഡേറ്റ വേഗം. അതിന് മുകളിൽ വേഗം വേണ്ടവർക്ക് അതനുസരിച്ചാണ് വേഗം കൂട്ടി നൽകുന്നത്. ജില്ലയിൽ 1213 സ്ഥാപനങ്ങൾക്കാണ് നിലവിൽ കെ-ഫോൺ കണക്ഷനുള്ളത്. ഓരോ ദിവസവും കണക്ഷൻ നൽകുന്നതിന്‍റെ എണ്ണം കൂടിവരികയാണ്.
നേരത്തേ ജില്ലയിൽ കണക്ഷൻ നൽകുന്നതും തകരാറുകൾ പരിഹരിക്കുന്നതും ഒരു കെ-ഫോണിന് കീഴിലുള്ള ഒരു സംഘം മാത്രമായിരുന്നു. എന്നാൽ, 2022 ഡിസംബർ മുതൽ തകരാർ പരിഹരിക്കാനായി (മെയ്ന്റനൻസ്) പ്രത്യേക സംഘം ജില്ലയിൽ രൂപവത്കരിച്ചിട്ടുണ്ട്. ഇതോടെ ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കുന്നത്. ജില്ലയിൽ 35 കൺട്രോൾ കേന്ദ്രങ്ങൾ (പോയന്റ് ഓഫ് പ്രസൻസ് -പി.ഒ.പി) കെ-ഫോണിനായിട്ടുണ്ട്. മലപ്പുറം മുണ്ടുപറമ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലാണ് പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.