വേണം മലപ്പുറത്തിന് കൂടുതൽ ആന വണ്ടി
text_fieldsകെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവായ ജില്ലയിലേക്ക് കൂടുതൽ ട്രാൻസ്പോർട്ട് ബസുകൾ നൽകുമെന്നുള്ള സർക്കാർ വാഗ്ദാനങ്ങൾക്ക് പഞ്ഞമില്ല. എന്നാൽ, യാഥാർഥ്യം മറിച്ചാണ്. ജില്ല ആസ്ഥാനത്തെ ഡിപ്പോയെന്ന പരിഗണനപോലും മലപ്പുറത്തിന് ഒരിക്കൽപോലും കിട്ടിയിട്ടില്ല. തികഞ്ഞ അവഗണനയാണ് എല്ലാകാലത്തും.
‘ആനവണ്ടി’യുടെ സാന്നിധ്യം താരതമ്യേന കുറവുള്ള ജില്ലയിൽ കോവിഡ്കാലത്ത് ബസുകളുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കി. ജനപ്രിയമായിരുന്ന തിരൂർ-മഞ്ചേരി ചെയിൻ സർവിസ് പൊടുന്നനെയാണ് അവസാനിപ്പിച്ചത്. 15 മുതൽ 20 വരെ ബസുകൾ ഓടിയിരുന്ന റൂട്ടായിരുന്നു ഇത്. വെട്ടം-തിരൂർ-മഞ്ചേരി, കൂട്ടായി-തിരൂർ-മലപ്പുറം, മലപ്പുറം-ഗുരുവായൂർ-എറണാകുളം ബോട്ട് ജെട്ടി സർവിസുകൾ അപ്രത്യക്ഷമായി.
മലപ്പുറം-ബംഗളൂരു ബസ് നിന്നുപോയി. നഷ്ടം ഒഴിവാക്കാൻ മലപ്പുറം-നെടുമ്പാശ്ശേരി ലോേഫ്ലാർ സർവിസ് കോഴിക്കോട് വഴി പുനഃക്രമീകരിക്കാമായിരുന്നു. തിരൂർ-മഞ്ചേരി റൂട്ടിൽ മൂന്ന് ബസുകൾ മാത്രമേയുള്ളു. അതും അവധി ദിവസങ്ങളിലും ഞായറാഴ്ചയും സർവിസ് നടത്താറുമില്ലത്രേ. നഷ്ടമെന്ന് വരുത്തിയാണ് തിരൂർ-മേഞ്ചരി ചെയിൻ സർവിസ് നിർത്തിയതെന്നാണ് അറിവ്. ലാഭകരമല്ലാത്തവ പുനഃക്രമീകരിക്കണമെന്ന സി.എം.ഡിയുടെ ഉത്തരവിന്റെ മറവിലായിരുന്നു സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന ഈ നടപടി.
ജീവനക്കാരുടെ കുറവാണ് പഴയ സർവിസുകൾ പുനഃസ്ഥാപിക്കാൻ തടസ്സമായി പറയുന്നത്. ഇതിനിടെ, കെ.എസ്.ആർ.ടി.സിയുടെ ഉയർന്ന കലക്ഷനുള്ള സൂപ്പർ ഫാസ്റ്റ് സർവിസുകൾ സ്വിഫ്റ്റിന് വിട്ടുകൊടുത്തുള്ള തീരുമാനവും വരുന്നുണ്ട്. മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ മൂന്നും പെരിന്തൽമണ്ണയിലെ രണ്ടും സർവിസുകളാണ് സ്വിഫ്റ്റിന് കൈമാറിയത്. മലപ്പുറം-ഊട്ടി ഉൾപ്പെടെ ശേഷിച്ച ഇന്റർ സ്റ്റേറ്റ് സർവിസുകളും വൈകാതെ സ്വിഫ്റ്റ് കൈയടക്കും.
കോവിഡിൽ ബസുകൾ അപ്രത്യക്ഷമായി
കോവിഡിന് മുമ്പ് 47 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന മലപ്പുറം ഡിപ്പോയിൽ ഇേപ്പാൾ അത് 32ലേക്ക് ചുരുങ്ങി. പെരിന്തൽമണ്ണ ഡിപ്പോ-45, പൊന്നാനി-45, നിലമ്പൂർ-47 എന്നിങ്ങനെയായിരുന്നു മഹാമാരിക്ക് മുമ്പ് ഷെഡ്യൂളുകൾ. ഇപ്പോൾ അത് യഥാക്രമം 32, 34, 31 എന്നിങ്ങനെയായി കുറഞ്ഞു. എതാണ്ട് എല്ലാ ഡിപ്പോകളിലും ഒട്ടുമിക്ക ഓർഡിനറി സർവിസുകളും ഇല്ലാതായി. പെരിന്തൽമണ്ണ-വളാഞ്ചേരി ചെയിൻ സർവിസ് ഉദാഹരണം.
എടപ്പാൾ റീജനൽ വർക്ക്ഷോപ്പിലേക്ക് മാറ്റിയ ബസുകളൊന്നും ജില്ലയിലെ ഡിപ്പോകളിലേക്ക് തിരിച്ചുവന്നില്ല. ഓരോ അര മണിക്കൂറിലും ടൗൺ ടു ടൗൺ സർവിസ് ഉണ്ടായിരുന്ന വഴിക്കടവ്-കോഴിക്കോട് റൂട്ടിൽ ഇപ്പോൾ ബസുകൾ നാമമാത്രം. കാലങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്നതാണ് കരിപ്പൂർ എയർപോർട്ട് വഴി കോഴിക്കോട്-മലപ്പുറം റൂട്ടിലെ സർവിസുകൾ. കോഴിക്കോട്-മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് റൂട്ടിലും ബസുകൾ വേണമെന്ന ആവശ്യം ശക്തമാണ്.
മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം, മലപ്പുറം-മഞ്ചേരി-അരീക്കോട്-ഓടക്കയം റൂട്ടുകളിൽ പുതിയ സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യവും ഏറെയായി ഉള്ളതാണ്. ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് നാലു ഡിപ്പോകളിലായി 170ലേറെ ബസുകളും 126 ഷെഡ്യൂളുകളുമുണ്ട്. ഓരോ വർഷം കഴിയുമ്പോഴും ജില്ലയിൽ ഓപറേറ്റ് ചെയ്യുന്ന ബസുകളുടെ എണ്ണം താഴോട്ടാണെന്നാണ് കണക്കുകൾ. ജില്ലയിൽ കെ.എസ്.ആർ.ടി.സി മെച്ചപ്പെടുകയല്ല എന്നാണ് ഇത് നൽകുന്ന സൂചന.
ഓർഡിനറി എവിടെ, പൊടിപോലുമില്ല!
ഉൾനാടുകളിലേക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനും വിദ്യാർഥി കൺസെഷൻ പുനഃസ്ഥാപിക്കാനും കൂടുതൽ ഓർഡിനറി സർവിസുകളാണ് ആവശ്യം. തെക്കൻ ജില്ലകളിൽ യഥേഷ്ടമുള്ളപ്പോൾ ജില്ലയിൽ രേഖയിൽ മാത്രമേ ഓർഡനറി വണ്ടികളുള്ളു. നാലു ഡിപ്പോകളിലായി കോർപറേഷൻ രേഖയിൽ 77 ഓർഡിനറി സർവിസുകളുണ്ട്. പൊന്നാനി-21, നിലമ്പൂർ-15, മലപ്പുറം-19, പെരിന്തൽമണ്ണ-22 എന്നിങ്ങനെയാണിത്.
എന്നാൽ, ഓർഡിനറി ബസുകളെല്ലാം ജില്ലയിൽ ഓടുന്നത് ടൗൺ ടു ടൗൺ ആയിട്ടാണ്. വിദ്യാർഥികൾക്ക് കൺസെഷൻ നിഷേധിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ കൺകെട്ടുവിദ്യയാണിത്. ഓർഡിനറി ആയി ഓടുന്നത് പൊന്നാനി-തിരൂർ റൂട്ടിൽ മാത്രമേയുള്ളു. അതും പത്തിൽ താഴെ ബസുകൾ. സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ കെ.എസ്.ആർ.ടി.സി കൺസഷൻ നൽകുന്നുമില്ല.
വർഷങ്ങളായി കുട്ടികൾ യാത്ര ചെയ്തിരുന്ന പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലും മഞ്ചേരി-തിരൂർ റൂട്ടിലും ഇപ്പോൾ ഒരൊറ്റ ഓർഡിനറി സർവിസ് പോലുമില്ല. വാണിജ്യസാധ്യതയുള്ള കെട്ടിടങ്ങൾ വികസിപ്പിച്ച് ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനോടൊപ്പം ജനങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്ന റൂട്ടുകളിൽ കൂടുതൽ സർവിസുകൾ ഓപറേറ്റ് ചെയ്യാനും കോർപറേഷൻ തയാറാകണം. മലയോരത്തേക്കും ജനസാന്ദ്രതയുള്ള തീരമേഖലയിലേക്കും കൂടുതൽ ബസുകൾ വേണം.
വരുമാനമുണ്ടായിട്ടും അവഗണന
കലക്ഷൻ വരുമാനത്തിൽ മലപ്പുറം ഡിപ്പോയുടെ പ്രകടനം എപ്പോഴും മികച്ചതാണ്. മഴ സീസൺ ആയിട്ടും ജൂലൈ 17ലെ വരുമാനം എട്ട് ലക്ഷത്തിന് മുകളിൽ. ടാർജറ്റിന്റെ 95.70 ശതമാനം. ജില്ലയിലെ നാലു ഡിപ്പോകളിൽ വരുമാനത്തിൽ എറ്റവും മുൻപിൽ മലപ്പുറമാണ്. ഉല്ലാസയാത്ര പാക്കേജിലും മിന്നും പ്രകടനമാണ്. ബജറ്റ് ടൂറിസംവഴി കോഴിക്കോട് ഡിപ്പോയുടെ കലക്ഷൻ വരുമാനത്തിന് മുകളിലെത്താൻ ഒരു തവണ മലപ്പുറത്തിനായി.
മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ ഡിപ്പോകൾ ഉൾപ്പെടുന്ന മലപ്പുറം ക്ലസ്റ്ററിന്റെ വരുമാനവും മോശമല്ല. കഴിഞ്ഞ 17ലെ ക്ലസ്റ്റർ കലക്ഷൻ 24,44,050 രൂപ. ടാർജറ്റിന്റെ 82.26 ശതമാനം. 126 ബസുകൾ 531 ട്രിപ്പുകൾ നടത്തി. ഒരു ബസിൽനിന്ന് ലഭിച്ച വരുമാനം 19,397 രൂപ. ഒരു കിലോമീറ്ററിൽനിന്ന് ശരാശരി ലഭിച്ച വരുമാനം (ഇ.പി.കെ.എം) 45.69 രൂപ. പ്രതിദിനം ശരാശരി 43,322 യാത്രക്കാർ ജില്ലയിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നു. തെക്കൻ ജില്ലകളെ അപേക്ഷിച്ച്, ബസുകളും ഡിപ്പോകളും കുറവുള്ള ജില്ലയാണ് മലപ്പുറം. ഡിപ്പോകളുടേയും ഷെഡ്യൂളുകളുടേയും ആധിക്യം നിമിത്തം തലസ്ഥാന ജില്ലയിൽ രണ്ട് ക്ലസ്റ്ററുകളുണ്ട്. മലപ്പുറം ജില്ലയിൽ ആകെയുള്ള ഷെഡ്യൂളുകളുടെ അത്രതന്നെ ബസുകൾ തിരുവനന്തപുരം സിറ്റിയിൽ മാത്രം സർവിസ് നടത്തുന്നു.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ 20 വർഷത്തിനിടെ പുതിയ ഒരു ഓപറേറ്റിങ് സെന്റർ പോലും ആരംഭിച്ചിട്ടില്ല. നാലു ഡിപ്പോകളിലേക്ക് മാത്രം ജില്ലയിലെ കെ.എസ്.ആർ.ടി.സി സാന്നിധ്യം പരിമിതപ്പെടുന്നു. സംസ്ഥാനത്തെ സർവിസുകളുടെ എണ്ണം 4500ൽനിന്നും 6000 ആയി ഉയർത്തുമ്പോൾ ജനസംഖ്യ കൂടുതലുള്ള ജില്ല എന്ന നിലക്ക് മലപ്പുറത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് സി.എം.ഡി ബിജു പ്രഭാകർ ഡിപ്പോ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ഈ വാക്ക് പാലിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.