കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന്; പൊലീസിന് മുന്നിൽ പരാതിയുമായി നാട്ടുകാർ
text_fieldsകാളികാവ്: പിതാവിന്റെ ക്രൂരമർദനത്തിനിരയായി ഉദരംപൊയിലിൽ കൊലചെയ്യപ്പെട്ട ഫാത്തിമ നസ്റിൻ എന്ന ബാലികയുടെ മരണത്തിൽ ബന്ധുക്കളായ കൂടുതൽ പേർക്ക് പങ്കുണ്ടാവാമെന്ന് നാട്ടുകാർ.സംഭവം നടക്കുമ്പോൾ മുഹമ്മദ് ഫായിസിന് പുറമെ അയാളുടെ ഉറ്റ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാരും കുട്ടിയെ മർദിക്കുന്നത് തടയുകയോ മതിയായ ചികിത്സ നൽകാൻ തയാറാവുകയോ ചെയ്യാത്തത് ദുരൂഹമാണ്. ഫാത്തിമ നസ്റിനെ അതിക്രൂരമായാണ് ഫായിസ് മർദിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വാരിയെല്ലുകൾ പൊട്ടിത്തുളച്ച് കയറിയതായി പറയുന്നു. കുട്ടിക്ക് നിരന്തരം മർദനമേറ്റിരുന്നു. സ്വകാര്യഭാഗങ്ങളിലുൾപ്പെടെ നിരവധി മുറിവുകളാണ് ശരീരത്തിൽ കണ്ടെത്തിയത്. പല മുറിവിനും പത്ത് ദിവസത്തിലധികം പഴക്കമുള്ളതായും റിപ്പോർട്ടിലുണ്ട്.
മുഹമ്മദ് ഫായിസിന് ചെറുപ്പം മുതലേ ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി നാട്ടുകാരും പൊലീസും പറയുന്നു. വിവാഹ ശേഷവും ഇത് തുടർന്നു. കരുളായിയിലെ ഭാര്യവീട്ടിൽ ആക്രമണം നടത്തിയതിന് രണ്ട് കേസുകൾ ഫായിസിന്റെ പേരിൽ നിലവിലുണ്ട്. ഏഴു മാസം മുമ്പ് ഭാര്യ ഷഹബാനത്ത് തനിക്കും കുട്ടിക്കും ചെലവിന് നൽകുന്നില്ലെന്ന് പറഞ്ഞ് കാളികാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
കൊലപാതകത്തിനും ക്രിമിനൽ സ്വഭാവമുള്ള ഫായിസിന്റെ പ്രവൃത്തികൾക്കും കൂട്ടുനിന്ന ബന്ധുക്കൾക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ കാളികാവ് സി.ഐയോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം ചൂരപ്പിലാൻ ഷൗക്കത്ത്, എം. അബ്ദുൽ ഹമീദ്, വി. അൻഷാബ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പരാതി അറിയിച്ചത്.
വിദഗ്ധ സംഘം പരിശോധന നടത്തി
കാളികാവ്: മകൾ ഫാത്തിമ നസ്റിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ഉദരംപൊയിലിലെ മുഹമ്മദ് ഫായിസിന്റെ വീട്ടിൽ പൊലീസ് സാന്നിധ്യത്തിൽ വിദഗ്ധ പരിശോധന നടത്തി. വി. മിനിയുടെ നേതൃത്വത്തിൽ സയന്റിഫിക് വിഭാഗവും എൻ.വി. റുബീനയുടെ നേതൃത്വത്തിൽ ഫിംഗർപ്രിന്റ് വിഭാഗവുമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഇതേ വീട് പൊലീസ് അടച്ച് പൂട്ടി സീൽ ചെയ്തിരുന്നു.
കാളികാവ് ഐ.പി എം. ശശിധരൻ പിള്ളയും പരിശോധനക്കായി വീട്ടിലെത്തിയിരുന്നു. ഫാത്തിമ നസ്റിനെ കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന കിടപ്പുമുറിയിലുണ്ടായിരുന്ന വസ്തുക്കൾ മുഴുവൻ പരിശോധിച്ചു. നിലവിൽ പ്രതി ഫായിസിനെതിരെ 302 വകുപ്പ് പ്രകാരം കൊലപാതക്കുറ്റവും 75 ജെ.ജെ വകുപ്പ് പ്രകാരം ബാലപീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ തെളിവ് ശേഖരിച്ചശേഷം മാത്രമാവും കൂടുതൽ പ്രതികളെയും കൂടുതൽ വകുപ്പ് ചേർക്കുകയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.