മലപ്പുറത്ത് 12 ഇടങ്ങളിൽ അരയും തലയും മുറുക്കിയിറങ്ങി മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ഇടതുമുന്നണിക്ക് പിറകെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിംലീഗും. ജില്ലയിൽ ലീഗ് മത്സരിക്കുന്ന 12 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ് സിറ്റിങ് എം.എൽ.എമാരാണ് വീണ്ടും മത്സരിക്കുന്നത്.
ഇതിൽ അഞ്ച് പേർ നിലവിലുള്ള മണ്ഡലങ്ങളിൽതന്നെ ജനവിധി തേടും. നാല് പുതുമുഖങ്ങളും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടു. പി.െക. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും വീണ്ടും മത്സരിക്കും.
മലപ്പുറം, കൊണ്ടോട്ടി, വള്ളിക്കുന്ന്, കോട്ടക്കൽ, ഏറനാട് മണ്ഡലങ്ങളിലാണ് സിറ്റിങ് എം.എൽ.എമാർ മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന നിലമ്പൂർ, വണ്ടൂർ, പൊന്നാനി, തവനൂർ മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.
വേങ്ങരയിൽ തിരിച്ചെത്തി കുഞ്ഞാപ്പ
വേങ്ങര മണ്ഡലം രൂപവത്കരിച്ച 2011 മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് എം.എൽ.എ. 2016ലും വിജയം ആവർത്തിച്ചു. 2017ൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ചു. തുടർന്ന് കെ.എൻ.എ. ഖാദർ തെരഞ്ഞെടുക്കപ്പെട്ടു. ഇടവേളക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി വീണ്ടും വേങ്ങരയിലെത്തുന്നത്. 1967 കോഴിക്കോട് ജെ.ഡി.ടി സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി. ശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽ പ്രീഡിഗ്രി. 1972 തളിപറമ്പ് സർ സയ്യിദ് കോളജിൽ ബിരുദം. 1980 ൽ മലപ്പുറം നഗരസഭ അധ്യക്ഷനായ ഇദ്ദേഹം 82ൽ ആദ്യമായി മലപ്പുറത്തുനിന്നും എം.എൽ.എ. 91ൽ മന്ത്രിയായി. പിന്നീട് ഏഴ് തവണ സംസ്ഥാന നിയമസഭയിൽ. 2006ൽ കുറ്റിപ്പുറത്ത് ജലീലിനോട് പരാജയപ്പെട്ടു. മൂന്ന് തവണ മന്ത്രി. ഒരു തവണ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽനിന്നും ലോക്സഭയിലേക്കും. ഡി.വൈ.എഫ്.െഎ നേതാവായ പി. ജിജിയാണ് എതിർ സ്ഥാനാർഥി.
മഞ്ചേരി നിലനിർത്താൻ യു.എ. ലത്തീഫ്
ദീർഘകാലമായി അഭിഭാഷകനും മുസ്ലിംലീഗ് സംഘടന തലത്തിലും സജീവമായ മുതിർന്ന നേതാവ് അഡ്വ. യു.എ. ലത്തീഫാണ് മഞ്ചേരിയിലെ മുസ്ലിംലീഗ് സ്ഥാനാർഥി. ലീഗ് ജില്ല ജനറൽ സെക്രട്ടറിയായ ഇദ്ദേഹം ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്്. 2017ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം സീറ്റ് നഷ്ടമായി. 1973 മുതൽ മഞ്ചേരി ബാറിൽ ക്രിമിനൽ അഭിഭാഷകനാണ്. ലീഗിെൻറ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് സ്ഥാനവും വഹിക്കുന്നു. 1967 മുതൽ മുസ്ലിംലീഗ് സ്ഥാനാർഥികൾ മാത്രം ജയിച്ച് കയറിയ മണ്ഡലമാണ് മഞ്ചേരി. കഴിഞ്ഞ രണ്ട് തവണയും അഡ്വ. എം. ഉമ്മറായിരുന്നു മഞ്ചേരിയുടെ ജനപ്രതിനിധി. ഇക്കുറി മഞ്ചേരിയിൽ മുൻ ലീഗ് നേതാവായ ഡിബോണ നാസറിനെയാണ് ഇടതുപക്ഷം മത്സരിപ്പിക്കുന്നത്.
ഏറനാട്ടിൽ ഇക്കുറിയും ബഷീർ
2011ൽ മണ്ഡലം രൂപവത്കരിച്ചത് മുതൽ ഏറനാട്ടുനിന്നും സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ച പി.കെ. ബഷീറാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർഥി. മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നാംതവണയാണ് ബഷീർ ജനവിധി തേടുന്നത്. ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഇദ്ദേഹം ലീഗ് നേതാവും മുൻ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ മകൻ കൂടിയാണ്. 1988ല്‍ എടവണ്ണ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും തേടിയെത്തി. 2000ത്തിൽ കുഴിമണ്ണ ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്ത് അംഗവുമായി. ഇക്കുറിയും മികച്ച ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബഷീർ. സർവിസ് സംഘടന രംഗത്ത് പരിചയമുള്ള കെ.ടി. അബ്ദുറഹ്മാനാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി.
വള്ളിക്കുന്നിൽ ഹമീദ് മാഷ് തന്നെ
2011ൽ രൂപവത്കരിച്ച വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്നാംതവണയാണ് മത്സരം നടക്കുന്നത്. ആദ്യ അങ്കത്തിൽ കെ.എൻ.എ. ഖാദറായിരുന്നു വള്ളിക്കുന്ന് എം.എൽ.എ. 2016ൽ വിജയിച്ച പി. അബ്ദുൽ ഹമീദാണ് ഇക്കുറിയും മുസ്ലിംലീഗ് സ്ഥാനാർഥിയായി മണ്ഡലത്തിൽ ജനവിധി തേടുന്നത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ലീഗ് ജില്ല ജനറൽ സെക്രട്ടറി, ജില്ല ട്രഷറർ, ജില്ല യു.ഡി.എഫ് കൺവീനർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. െഎ.എൻ.എൽ സംസ്ഥാന അധ്യക്ഷൻ എ.പി. അബ്ദുൽ വഹാബാണ് ഇടതു സ്ഥാനാർഥി.
കോട്ട കാക്കാൻ ആബിദ് ഹുസൈൻ തങ്ങൾ
മണ്ഡലം രൂപവത്കരിച്ചതിനുശേഷം മൂന്നാംതവണയാണ് കോട്ടക്കൽ മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ എം.പി. അബ്ദുസ്സമദ് സമദാനി വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണയാണ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ജനവിധി തേടി രംഗത്തിറങ്ങിയത്.15,042 വോട്ടിന് വിജയിച്ച ഇദ്ദേഹത്തെയാണ് മണ്ഡലം നിലനിർത്താൻ പാർട്ടി വീണ്ടും നിയോഗിച്ചിരിക്കുന്നത്. ഇടതുമുന്നണിയിൽ എൻ.സി.പിക്കാണ് സീറ്റ്. ദേശീയ സെക്രട്ടറിയായ എൻ.എ. മുഹമ്മദ് കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
താനൂർ പിടിക്കാൻ ഫിറോസ്
കഴിഞ്ഞ തവണ നഷ്ടമായ താനൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ഇക്കുറി പാർട്ടി നിയോഗിച്ചിരിക്കുന്നത് യുവനേതാവിനെയാണ്. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ പി.കെ. ഫിറോസിനെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഫിറോസിലൂടെ മണ്ഡലം തിരികെ പിടിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. സി.എച്ച്. മുഹമ്മദ് കോയയും ഇ. അഹമ്മദും ഉൾപ്പെടെയുള്ള പ്രമുഖ േനതാക്കൾ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി കോൺഗ്രസ് നേതാവായിരുന്ന വി. അബ്ദുറഹ്മാനിലൂടെയാണ് ഇടതു മുന്നണി മണ്ഡലം പിടിച്ചെടുത്തത്. ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർഥിയായി വി. അബ്ദുറഹ്മാനാണ് മത്സരിക്കുന്നത്.
മലപ്പുറത്ത് മൂന്നാമതും 'ഉബൈദാക്ക'
ജില്ല ആസ്ഥാനമായ മലപ്പുറം മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് പി. ഉബൈദുല്ലയാണ്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പലതവണ മന്ത്രിപദത്തിലിരുന്ന ഉന്നത മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയവരും പ്രതിനിധീകരിച്ച മലപ്പുറം മണ്ഡലത്തിൽ 2011ൽ റെേക്കാഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ലും വിജയം ആവർത്തിച്ച അദ്ദേഹം ഇക്കുറിയും മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്. പാലോളി അബ്ദുറഹ്മാനാണ് ഇടതു സ്ഥാനാർഥി.
പെരിന്തൽമണ്ണയിൽ പുതുമുഖം
ശക്തമായ മത്സരം നടക്കുന്ന പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇക്കുറി പുതുമുഖത്തെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറായ നജീബ് കാന്തപുരമാണ് യു.ഡി.എഫ് സ്ഥാനാർഥി. ആദ്യകാലങ്ങളിൽ ഇടത് സ്ഥാനാർഥികൾ വിജയിച്ച പെരിന്തൽമണ്ണയിൽ 70 മുതൽ ലീഗ് എം.എൽ.എമാരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2006ൽ സി.പി.എം സ്ഥാനാർഥി വി. ശശികുമാർ വിജയിച്ചത് ഒഴിച്ചാൽ ലീഗ് വിജയം ആവർത്തിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ രണ്ട് തവണയും മഞ്ഞളാംകുഴി അലിയാണ് എം.എൽ.എ. ഇക്കുറി മുൻ മലപ്പുറം നഗരസഭ ചെയർമാനും ലീഗ് നേതാവുമായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫയാണ് ഇടതുസ്ഥാനാർഥി.
കൊണ്ടോട്ടിയിൽ ടി.വിക്ക് രണ്ടാമൂഴം
മുസ്ലിം ലീഗിെൻറ കുത്തക മണ്ഡലമായ കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹിമിന് രണ്ടാമൂഴം. ലീഗിെൻറ ശക്തി കേന്ദ്രമായ കൊണ്ടോട്ടി നിലനിർത്താൻ ഇക്കുറിയും അധ്യാപകൻ കൂടിയായ ഇബ്രാഹിമിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കൻഡറി സ്കൂള്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ഇബ്രാഹിം മുൻ ജില്ല പഞ്ചായത്ത് അംഗം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറുമായിരുന്നു. 1957 മുതൽ മികച്ച ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാർഥികൾ മാത്രം വിജയിച്ച മണ്ഡലത്തിൽ ഇക്കുറി പ്രവാസി വ്യവസായിയായ കെ.പി. സുലൈമാൻ ഹാജിയെയാണ് എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.
തിരൂരിലും ഇക്കുറി പുതുമുഖം
1957 മുതല്‍ മുസ്ലിം ലീഗിെൻറ പച്ചത്തുരുത്താണ് തിരൂര്‍ നിയമസഭ മണ്ഡലം. ഇക്കുറി പുതുമുഖത്തെയാണ് മണ്ഡലത്തിൽ ലീഗ് പരീക്ഷിക്കുന്നത്. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻറായ കുറുക്കോളി മൊയ്തീൻ കുട്ടിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇദ്ദേഹം ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. എം.എസ്.എഫ് യൂനിറ്റ് ഭാരവാഹി മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി വരെയായി. യൂത്ത് ലീഗിലും യൂനിറ്റ് പ്രസിഡൻറ് സ്ഥാനം മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 15ല്‍ 14 തവണയും ലീഗ് സ്ഥാനാര്‍ഥികളാണ് തിരൂരിൽ വിജയക്കൊടി നാട്ടിയത്. 2006ല്‍ മാത്രമാണ് ലീഗിന് തിരൂരില്‍ ആദ്യമായി തിരിച്ചടി നേരിട്ടത്. കഴിഞ്ഞ രണ്ട് തവണയും സി. മമ്മൂട്ടിയായിരുന്നു എം.എൽ.എ. ഗഫൂർ പി. ലില്ലീസാണ് ഇടതു സ്ഥാനാർഥി.
തിരൂരങ്ങാടിയിലൂടെ തിരിച്ചെത്താൻ കെ.പി.എ മജീദ്
മങ്കട മണ്ഡലത്തിൽനിന്നും അഞ്ച് തവണ വിജയിച്ച് എം.എൽ.എയായ കെ.പി.എ മജീദാണ് ഇക്കുറി തിരൂരങ്ങാടിയിൽ. ദീർഘമായ ഇടവേളക്ക് ശേഷമാണ് മജീദ് മത്സര രംഗത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബായിരുന്നു ലീഗ് സ്ഥാനാർഥി. 1996ലാണ് ഏറ്റവും ഒടുവിൽ മജീദ് നിയമസഭയിലെത്തിയത്. 2001ൽ മങ്കടയിൽ മഞ്ഞളാംകുഴി അലിയോടും 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലും തോറ്റു. ഇതിന് ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 92ൽ ചീഫ് വിപ്പുമായിരുന്നു. ലീഗിെൻറ കുത്തക മണ്ഡലമായ തിരൂരങ്ങാടിയിൽ വിജയം ആവർത്തിക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. സി.പി.െഎ നേതാവ് അജിത് കൊളാടിയാണ് എതിർ സ്ഥാനാർഥി.
പഴയ തട്ടകത്തിൽ തിരിച്ചെത്തി അലി
രണ്ട് തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മങ്കട മണ്ഡലത്തിലേക്ക് ഇക്കുറി യു.ഡി.എഫ് സ്ഥാനാർഥിയായാണ് മഞ്ഞളാംകുഴി അലി തിരിച്ചെത്തുന്നത്. നാല് തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമായ അലി അഞ്ചാം തവണയാണ് മത്സരിക്കുന്നത്. 2001ല്‍ കെ.പി.എ മജീദിനെയും 2006ല്‍ ഡോ. എം.കെ. മുനീറിനെയും തോൽപ്പിച്ചാണ് അലി മണ്ഡലം ഇടതിന് പിടിച്ചുകൊടുത്തത്. പിന്നീട് ലീഗിലേക്ക് മാറിയ ഇദ്ദേഹം 2011 മുതൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. 2011 മുതൽ മങ്കടയിൽ നിന്നും ടി.എ. അഹമ്മദ് കബീറാണ് വിജയിച്ചിരുന്നത്. പഴയ തട്ടകത്തിൽ വിജയം ആവർത്തിക്കാനാകുമെന്നാണ് അലിയുടെ പ്രതീക്ഷ. മുൻ ജില്ല പഞ്ചായത്തംഗവും 2016 ലെ സ്ഥാനാർഥിയുമായിരുന്ന അഡ്വ. ടി.കെ. റഷീദലിയാണ് എതിർപക്ഷത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.