സ്കൂട്ടറിൽ കടത്തിയ 100 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsനിലമ്പൂർ (മലപ്പുറം): സ്കൂട്ടറിൽ കടത്തിക്കൊണ്ട് വരുകയായിരുന്ന 100 കുപ്പി വിദേശമദ്യവുമായി യുവാവ് നിലമ്പൂർ എക്സൈസിെൻറ പിടിയിലായി.ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് (44) പിടിയിലായത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മൈലാടി പാലത്തിന് സമീപത്തുവെച്ചാണ് നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോനും സംഘവും ഇയാളെ പിടികൂടിയത്.
100 കുപ്പികളിലായി 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് ഇയാളിൽനിന്ന് പിടികൂടിയത്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും രണ്ടുദിവസം അവധിയായതിനാൽ കരിഞ്ചന്തയിൽ അനധികൃത മദ്യവിൽപനക്ക് സാധ്യത ഉണ്ടെന്ന എക്സൈസ് ഇൻറലിജൻസിെൻറ വിവരത്തിെൻറ അടിസ്ഥാനത്തിൽ നിലമ്പൂർ, ചന്തക്കുന്ന്, മൈലാടി പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
തെരഞ്ഞെടുപ്പ് ഡ്രൈ ഡേകളിൽ വിൽപന ലക്ഷ്യമാക്കി ചെറുകിട വിൽപനക്കാർ വൻതോതിൽ മദ്യം ശേഖരിക്കുന്നതായി ഇൻറലിജൻസ് വിഭാഗത്തിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. പിടികൂടിയ മദ്യം നിലമ്പൂർ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽനിന്ന് പലപ്പോഴായി മൂന്നുലിറ്റർ വീതം വാങ്ങിയതാണെന്ന് പ്രതി പറഞ്ഞു. പരിശോധനക്ക് പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സബിൻ ദാസ്, പി.സി. ജയൻ, എം.എസ്. നിധിൻ, വി. സച്ചിൻ ദാസ്, എൻ.കെ. സനീറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.